അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം, മൂന്ന് ദിവസത്തിനകം മാപ്പ് പറയണം, അല്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം; ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് നോട്ടീസ് അയച്ച് എആര്‍ റഹ്മാന്‍

പത്ത് കോടി രൂപയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. 2018ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്മാന്‍ ഷോയ്ക്കായി 29 ലക്ഷം രൂപ നല്‍കിയിരുന്നു.

എന്നാല്‍ പരിപാടി പല കാരണങ്ങളാല്‍ മുടങ്ങിപ്പോയി. പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍. റഹ്മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നും സംഘടന ആരോപിച്ചു. ഇത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടന പരാതി നല്‍കി. രണ്ടാഴ്ച മുന്‍പാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഇപ്പോഴാണ് റഹ്മാന്‍ പ്രതികരിക്കുന്നത്.

സംഘടനയുടെ ആരോപണങ്ങള്‍ നിഷേധിച്ച് എ.ആര്‍. റഹ്മാന്‍ രംഗത്തെത്തി. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.

തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Vijayasree Vijayasree :