ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരിൽ ഒരാളാണ്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തിൽ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘സിന്ദുരം ഇഷ്ടം’ എന്ന്് ക്യാപ്ഷൻ കൊടുത്തിരിക്കുന്ന വീഡിയോയിൽ ഒരു ചെപ്പിൽ നിന്നും സിന്ദൂരം കൈയ്യിലെടുത്ത് അണിയുന്നതാണ് കാണിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വന്നു. പിന്നാലെ വീണ്ടും അനുശ്രീയുടെ വിവാഹവും ചർച്ചയായിരിക്കുകയാണ്.
സിന്ദൂരത്തിനോട് ഇത്രയും താൽപര്യമുണ്ടെങ്കിൽ ഒന്ന് കെട്ടിയാൽ പോരെ എന്നാണ് പ്രധാനമായിട്ടും ആരാധകർ ചോദിക്കുന്നത്. അങ്ങോട്ട് കല്യാണം കഴിക്കൂ, ഇനി നമ്മൾ അറിയാതെ എങ്ങാനും കല്യാണം കഴിച്ചിരുന്നോ? കല്യാണത്തിന് മുമ്പ് ഇങ്ങനെ ചെയ്യാമോ മോശമല്ലേ എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
എന്തിനാ വൈകിക്കുന്നത് ഉണ്ണിയെ വേഗം കെട്ടിക്കോ.. എന്നും ചിലർ പറയുന്നുണ്ട്. കഴിഞ്ഞ കുറേ കാലമായി നടൻ ഉണ്ണി മുകുന്ദന്റെ പേര് കൂടി ചേർത്ത് അനുശ്രീയുടെ പേരിൽ കഥകൾ വന്നിരുന്നു. ഇവർ ഒരുമിച്ച് ഒരു വേദിയിൽ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും അനുശ്രീയുടെ പുതിയ ഫഌറ്റിന്റെ പാലുകാച്ചലിന് ഉണ്ണി മുകുന്ദൻ വന്നതുമെല്ലാം ഇവർ തമ്മിൽ പ്രണയമാണോ എന്ന സംശയത്തിന് ആക്കം കൂട്ടി. എന്നാൽ തങ്ങൾ തമ്മിൽ അത്തരത്തിൽ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്.
വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാൽ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈൻഡിൽ അതിനെ കാണാൻ താൽപര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമായിരിക്കും. ഇപ്പോൾ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.
മാത്രമല്ല, തന്റെ വിവാഹം പെട്ടെന്ന് നടത്താതെ ഇരിക്കാനാണ് സഹോദരനെ കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചതെന്ന് മുൻപൊരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞിരുന്നു. അങ്ങനെ മാതാപിതാക്കളെക്കാളും ഉത്തരവാദിത്തത്തോട് കൂടി സഹോദരനെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും അതിൽ സന്തോഷമാണെന്നുമാണ് നടി പറഞ്ഞിരുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായ സംഭവങ്ങളുണ്ട്. എനിക്ക് ഇഷ്ടം തോന്നിയവർ ഓരോരുത്തരായി കല്യാണം കഴിച്ച് പോയി കൊണ്ടേയിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്‌ഡോ അല്ലാതെയോ വിവാഹം നടന്നാൽ മതിയെന്നേയുള്ളു.
എന്നാൽ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോൾ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കിൽ നോക്കാമെന്നേ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കിൽ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു.
ഒരു അഭിനേത്രിയെ വിവാഹം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ലവ് മാരേജ് നല്ലതാണ്. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. എന്തെങ്കിലും ഒക്കെ നടന്നാൽ മതിയായിരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.
അതുമാത്രമല്ല എന്റെ കൈയിൽ പൾസ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സർജറി ഫിക്‌സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകർന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.
മാത്രമല്ല, സിനിമ പരാജയപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യുന്നെന്നും അനുശ്രീ പറഞ്ഞിരുന്നു. ‘ഒരു പടം പരാജയപ്പെട്ടാലും അതിനെ പറ്റി ഓവർ തിങ്ക് ചെയ്ത് ഇരിക്കാറില്ല, സിനിമ ചെയ്ത്, ഡബ് ചെയ്ത്, പേയ്‌മെന്റ് വാങ്ങി നമ്മൾ പോരും. അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും പണം മുടക്കിയവർക്കും ആയിരിക്കും നമ്മളേക്കാൾ ബുദ്ധിമുട്ട് ഉണ്ടാവുക’
‘നടൻമാർക്കാർക്കായിരിക്കും ബിസിനസ് വൈസ് നോക്കുമ്പോൾ അടുത്ത സിനിമയെ ബാധിക്കുക. എന്റെയൊന്നും പൊസിഷനിൽ നിൽക്കുന്നവർക്ക് അങ്ങനെ ഇല്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കിൽ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് വരുന്ന ആളുകളുണ്ട്’. ‘ഒരിക്കലും ഞാൻ അത്തരത്തിൽ ഉള്ള ആളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ബാധിക്കുമെങ്കിലും വേറെ ഒരു രീതിയിൽ എന്നെ ബാധിക്കില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും.
നടൻമാരുടെ പകുതി പ്രതിഫലം പോലും നടിമാർക്ക് കിട്ടുന്നില്ലെന്നത് വാസ്തവം തന്നെയാണ്. നടിയേക്കാൾ ഇരട്ടി ആൾക്കാർ നോക്കുന്നത് നടൻമാരെ ആണെന്നും അവരുടെ പേരിലാണ് ബിസിനസ് നടക്കുന്നതെന്നും മറ്റൊരു സത്യമാണ്. ഓരോരുത്തർക്കും ഓരോ ന്യായങ്ങൾ ഉണ്ടാവും’. ‘എന്നെ സംബന്ധിച്ച് സിനിമ പാഷനാണ്. എന്റെ ജോലി ആണ്. അതിന് കാശ് കിട്ടിയാലേ ജീവിക്കാൻ പറ്റുള്ളൂ. സിനിമ അല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ എനിക്ക് അറിയില്ല,’ എന്നും അനുശ്രീ പറഞ്ഞു.
സിനിമയിൽ നടിമാർ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലർ പറയുന്നത് പണ്ടൊക്കെ താൻ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ പറഞ്ഞത് വാർത്തയായിരുന്നു. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകൾ സിനിമയിൽ മാത്രമാണെന്നുള്ള മുൻധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴിൽ ചെയ്യുന്നവർക്കൊന്നും ഇത്തരം വികാര വിചാരങ്ങൾ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിച്ചരുന്നു.
ഈ വ്യത്യാസം എങ്ങനെ വന്നു എന്ന് കുറേ ചിന്തിച്ചിട്ടുണ്ട്. പക്ഷേ മനസിലാവുന്നില്ല. അവരുദ്ദേശിക്കുന്ന ആ വഴിയിൽ എത്താനുള്ള എളുപ്പവഴിയല്ല സിനിമ. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തിൽ തീർച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകൾ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. തീയുണ്ടാകാതെ പുകയുണ്ടാവില്ല എന്ന് പറയാറില്ലേ അതുകൊണ്ട് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാനുള്ള സാഹചര്യത്തിൽ ചെന്നുപെടാതിരിക്കുക. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയുക. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയിൽ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല, എന്നും അനുശ്രീ പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ്, ഭയം നിറഞ്ഞ ദിനങ്ങൾ കടന്നുപോയെന്നും പുതിയ തുടക്കത്തിനുള്ള സമയമായെന്നും അനുശ്രീ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു കുറിപ്പിലാണ് ഏറെ സങ്കടവും ഒറ്റപ്പെടലും തോന്നിയ ഒരാഴ്‌ചയെക്കുറിച്ച് അനുശ്രീ തുറന്നു പറഞ്ഞത്. ഒരുപാട് സ്നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കൾക്കും വേണ്ടി സന്തോഷമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇനി ഒരിക്കലും ദുഃഖിക്കില്ലെന്നും താരം പറയുന്നുണ്ട്. പുഞ്ചിരിക്കുന്ന ഒരു വിഡിയോയൊക്കൊപ്പമാണ് അനുശ്രീ തന്റെ ഏറ്റവും വിഷമകരമായ ദിനങ്ങൾ കടന്നുപോയതിനെപ്പറ്റി കുറിച്ചത്.
ഒരുപാട് തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്‌ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാൽ ഞാൻ മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയാണ്.
കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് എന്നും അനുശ്രീ കുറിച്ചു.
ഉത്ഖണ്ഠയും സങ്കടവും നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോയതെന്ന് പറയുന്ന അനുശ്രീ ദുഃഖത്തിന് കാരണമെന്താണെന്നോ എന്താണ് സംഭവിച്ചതെന്നോ വെളിപ്പെടുത്തിയിട്ടില്ല. മുൻപ് ‘ഇതിഹാസ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കൈക്ക് എന്തോ സംഭവിക്കുന്നു എന്ന് തോന്നിയ രോഗാസ്ഥയെക്കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പഴയ അവസ്ഥയിലേക്ക് എത്തിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.