ഷാരൂഖിൽ നിന്ന് മോഷ്ടിക്കാൻ ആഗ്രഹിക്കുന്ന കാര്യം; അനുഷ്ക ശർമ്മയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഷാരൂഖ് ഖാൻ

നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തെപ്പോലെ താരത്തിന്റെ വീടിനും ആരാധകർ ഏറെയാണ്. ദിവസവും ലക്ഷക്കണക്കിന് ആരാധകരാണ് കിം​ഗ് ഖാനെ കാണാൻ അദ്ദേഹത്തിന്റെ ബംഗ്ലാവായ മന്നത്തിന് മുന്നിൽ എത്താറുള്ളത്.

മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന മന്നത്തിന് പുറത്ത് ആരാധകരുടെ ഒത്തുചേരൽ പതിവ് കാഴ്ചയാണ്. കിംഗ് ഖാൻ്റെ പിറന്നാൾ ദിനത്തിൽ മന്നത്തിന് മുന്നിൽ എത്തുന്ന ആരാധകരെ ബാൽക്കണിയിലെത്തി ഷാറൂഖ് അഭിവാദ്യം ചെയ്യുന്നതും സെൽഫി പകർത്തുന്നതുമെല്ലാം വൈറൽ കാഴ്ചകളാണ്.

ആരാധകർ മാത്മല്ല, താരങ്ങൾക്കിടയിൽ പോലും മന്നത്തിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മന്നത്തിനോടുള്ള തന്റെ താൽപര്യം വ്യക്തമാക്കുകയാണ് നടി അനുഷ്ക ശർമ. ഷാരൂഖിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വസതിയാണെന്നാണ് അനുഷ്ക പറയുന്നത്. ഷാറൂഖിന്റെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ഒരു അഭിമുഖത്തിനിടെ ഷാരൂഖ് ഖാനിൽ നിന്ന് എന്തെങ്കിലും കൈവശപ്പെടുത്താൻ അവസരം ലഭിച്ചാൽ എന്ത് എടുക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ആദ്യം മറുപടി നൽകിയത്. പിന്നീട് വാച്ചുകളുടെ ശേഖരം എടുക്കമെന്ന് പറഞ്ഞ നടി പെട്ടെന്ന്, മന്നത്ത് തന്നെ മോഷ്ടിക്കുമെന്ന് പറഞ്ഞു. ഷാറൂഖ് ഖാൻ പുഞ്ചിരിയോടെയാണ് നടിയുടെ വാക്കുകൾ കേട്ടിരുന്നത്.

വർഷങ്ങളായി മന്നത്ത് എന്ന ബംഗ്ലാവിലാണ് ഷാരൂഖ് ഖാൻ താമസിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഈ ബംഗ്ലാവ് ഏകദേശം 27,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. വില്ല വിയന്ന എന്നായിരുന്നു മന്നത്തിൻ്റെ ആദ്യത്തെ പേര്. നരിമാൻ ദുബാഷ് ആയിരുന്നു അതിന്റെ ഉടമ. ഈ ബംഗ്ലാവിനു മുന്നിൽ യെസ് ബോസ് എന്ന സിനിമ ഷൂട്ട് ചെയ്തപ്പോഴാണ് ഷാരൂഖിന് ഇത് സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായത്.

ഒടുവിൽ ബംഗ്ലാവിന്റെ ഉടമയെ കണ്ട് സംസാരിച്ച് വീട് സ്വന്തമാക്കുകയായിരുന്നു. അന്ന് കിംഗ് ഖാൻ 13.32 കോടി രൂപയാണ് ഇതിനായി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു ശേഷം അദ്ദേഹം ഈ ബംഗ്ലാവിന് ജന്നത്ത് എന്ന് പേരിട്ടു. 2005ലാണ് ഷാറൂഖ് തൻ്റെ ബംഗ്ലാവിൻ്റെ പേര് മന്നത്ത് എന്നാക്കി മാറ്റിയത്.

1920-കളിൽ നിർമ്മിച്ച ഗ്രേഡ് 3 ഹെറിറ്റേജ് വില്ലയാണ് മന്നത്ത്. ആധുനിക ഇറ്റാലിയൻ വാസ്തുവിദ്യയും നിയോ ക്ലാസിക്കൽ ഘടകങ്ങളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വിന്റേജ്, ആധുനിക ശൈലിയിലുള്ള ഇന്റീരിയറുകളാണ് മന്നത്തിന് നൽകിയിരിക്കുന്നത്. ആറ് നിലകളുള്ള ഈ ബംഗ്ലാവിൽ ജിം, നീന്തൽക്കുളം, ലൈബ്രറി, സ്വകാര്യ സിനിമാ തിയേറ്റർ എന്നിവയും ഉണ്ട്.

Vijayasree Vijayasree :