മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് സംവിധായകനാണ് അനുരാഗ് കശ്യപ്. അടുത്തിടെ വിയ് സേതുപതിയുടെ മഹാരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വില്ലനായും അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. പലപ്പോഴും മലയാള സിനിമയെയും മലയാള താരങ്ങളെയും പ്രശംസിച്ച് അദ്ദേഹം എത്താറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡിനും മുകളിലാണ് മോളിവുഡ് എന്ന് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നത്. എന്തുകൊണ്ട് ബോളിവുഡിനെക്കാൾ മികച്ചതാണ് മോളിവുഡ് എന്ന് പറയുന്നു എന്ന വാക്കിന് ഉദാഹരണമായി ആവേശം സിനിമയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് കശ്യപ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
പിന്നാലെ താരത്തിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നതും. സ്വന്തം ഇൻഡസ്ട്രിയെ ഇങ്ങനെ തള്ളിപ്പറയാൻ നാണമില്ലേ?, നിങ്ങൾ ജോലി ചെയ്യുന്നത് മോളിവുഡിലല്ല ബോളിവുഡിലാണ് അത് മറക്കരുത് എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മഞ്ഞുമ്മൽ ബോയിസിനെ പ്രശംസിച്ചും അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ.
ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അദ്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഈ അടുത്ത് റിലീസ് ചെയ്ത മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ് എന്നും അനുരാഗ് കശ്യപ് കുറിച്ചിരുന്നു.