മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോൾ കൈ നിറയെ അവസരങ്ങൾ ആണെങ്കിലും ചില അവസരങ്ങൾ നടിയ്ക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം മേക്കർ അനുരാഗ് കശ്യപ്. സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലേക്ക് ആദ്യം താൻ മഞ്ജു വാര്യരെ പരിഗണിച്ചിരുന്നെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഈ കാസ്റ്റിംഗ് നടക്കാതെ പോയതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.
സീരീസിലെ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായാണ് മഞ്ജുവിനെ പരിഗണിച്ചത്. മഞ്ജുവിനൊപ്പം നയൻതാരയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. അമൃത സുഭാഷ് ചെയ്ത റോളിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. സേക്രഡ് ഗെയിംസിന് വേണ്ടി ഓഡിഷൻ ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് ഓപ്ഷനാണ് നെറ്റ്ഫ്ലിക്സിന് നൽകിയത്. മഞ്ജു വാര്യരും നയൻതാരയും മറ്റൊരാളും.
ആ സമയത്ത് നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ ഓഫീസില്ല. എല്ലാം യുഎസിലായിരുന്നു. ആ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ സൗത്ത് സിനിമകൾ ശ്രദ്ധിക്കുന്നില്ല. അവർക്ക് മാർക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലും മറ്റുമായി അത് പരിമിതമായിരുന്നു. അവർക്ക് സബ്സ്ക്രെെബേർസിനെ ലഭിക്കുന്നിടത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോയ്സുകളെന്നും അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.
മഞ്ജു വാര്യരുടെ ഫൂട്ടേജ് എന്ന സിനിമ ഹിന്ദി പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത് അനുരാഗ് കശ്യപാണ്. മഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ചും അനുരാഗ് കശ്യപ് സംസാരിക്കുന്നുണ്ട്. ഞങ്ങൾ 2011-13 കാലഘട്ടത്തിലാണ് കാണുന്നത്. ഞങ്ങൾക്ക് കോമൺ ഫ്രണ്ട്സുണ്ട്. ഗീതു മോഹൻദാസും രാജീവ് രവിയും. തന്റെയും മഞ്ജു വാര്യരുടെയും പിറന്നാൾ ഒരേ ദിവസമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ബോളിവുഡിനേക്കാൾ തെന്നിന്ത്യൻ സിനിമാ ലോകത്താണ് തനിക്കിപ്പോൾ താൽപര്യമെന്ന് അനുരാഗ് കശ്യപ് അടുത്തിടെ പറഞ്ഞിരുന്നു. മഹാരാജ, റൈഫിൾ ക്ലബ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. അനുരാഗ് കശ്യപ്-മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഒരു പ്രൊജക്ട് വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. നയൻതാരയ്ക്കൊപ്പം ഇമ്മെെക്ക നൊടികൾ എന്ന തമിഴ് സിനിമയിൽ അനുരാഗ് കശ്യപ് നേരത്തെ അഭിനയിച്ചതാണ്.
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ ഹിറ്റ് സീരീസുകളിലൊന്നാണ് സേക്രഡ് ഗെയിംസ്. മഞ്ജു ഈ സീരീസിന്റെ ഭാഗമായിരുന്നെങ്കിൽ കരിയറിൽ വലിയ ചലനങ്ങളുണ്ടായേനെ. താരത്തെ ഇതുവരെ ബോളിവുഡ് പ്രൊജ്ക്ടുകളിൽ ആരാധകർ കണ്ടിട്ടില്ല. തെലുങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല. തമിഴിൽ വലിയ വരവേൽപ്പാണ് മഞ്ജു വാര്യർക്ക് ലഭിച്ചത്. 2019 ൽ അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു തമിഴകത്ത് തുടക്കം കുറിക്കുന്നത്. ധനുഷ് നായകനായെത്തിയ ചിത്രം വൻ വിജയം നേടി. പിന്നാലെ തുനിവ്, വേട്ടെയാൻ തുടങ്ങിയ സിനിമകളുടെ ഭാഗമായി.
വിടുതലെെ 2 ആണ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സിനിമകൾ വലിയ വിജയം കൈവരിച്ചിട്ടില്ലെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.