നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ല; ദി കേരള സ്‌റ്റോറി നിരോധിച്ചതിനെ കുറിച്ച് അനുരാഗ് കശ്യപ്

കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. കമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ,ആദ ശര്‍മ നായികയായ ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം തുടരുകയാണ്.ഇതിനിടെയിലാണ് നിരോധനത്തെ എതിര്‍ത്ത് അനുരാഗ് കശ്യപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. ഫ്രഞ്ച് സാഹിത്യകാരന്‍ വോള്‍ട്ടയറിന്റെ ഒരു ഉദ്ധരണിയാണ് കശ്യപ് പങ്കുവെച്ചത്. ‘നിങ്ങള്‍ പറയുന്നിനോട് എനിക്ക് യോജിപ്പില്ല,പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാന്‍ മരണം വരെ സംരക്ഷിക്കും’ എന്നതായിരുന്നു ഉദ്ധരണി.

ഉദ്ധരണിയോടൊപ്പം അനുരാഗ് ഇങ്ങനെ എഴുതി. നിങ്ങള്‍ സിനിമയോട് യോജിച്ചാലും ഇല്ലെങ്കിലും, സിനിമയ്ക്ക് പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെതിരെയുള്ള പ്രചരണം ശരിയല്ലെന്നായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം എതിര്‍ത്ത് മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ചിത്രം നിരോധിക്കേണ്ടതാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ അവഹേളിച്ചുവെന്നും മമത പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.അതേ സമയം വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി കടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖുശ്ബു സുന്ദര്‍,ശബാന ആസ്മി,അനുപം ഖേര്‍ തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :