ട്രോളുകളും വിമര്‍ശനങ്ങളും വിഷമിപ്പിച്ചു; അതോടെ മലയാളത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു

പ്രേമത്തിലെ മേരിയെ അങ്ങനെയൊന്നും മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. മേരിയായി എത്തി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു നടി അനുപമ പരമേശ്വരന്‍. മലയാളത്തിൽ നിന്ന് പിന്നീട് മറ്റ് ഭാഷകളിലേക്ക് അനുപമ ശ്രദ്ധ കേന്ദ്രീകരിച്ചു. വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ താന്‍ തെലുങ്ക് സിനിമകള്‍ ചെയ്തത് എന്നാണ് അനുപമ പറയുന്നത്.

‘മണിയറയിലെ അശോകന്‍’ ആണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അനുപമയുടെ വാക്കുകള്‍:

പ്രേമത്തിന്റെ റിലീസിന് ശേഷം വിമര്‍ശനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. എനിക്ക് ജാഡയാണ് അഹങ്കാരിയാണ് എന്നും വിളിച്ചു. സിനിമയുടെ പ്രൊമോഷനുകള്‍ക്കിടെ കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാനായി ചില ആളുകള്‍ എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി. അഭിമുഖങ്ങള്‍ കൊണ്ട് മടുത്തിരുന്നു.

തൃശൂര്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നതിനാല്‍ അവര്‍ പറഞ്ഞത് പോലെ ഞാന്‍ അനുസരിച്ചു. സിനിമ റിലീസ് ചെയ്തപ്പോള്‍, അതില്‍ ഞാന്‍ കുറച്ച് ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ സിനിമയുടെ പബ്ലിസിറ്റി ഉപയോഗിച്ചെന്ന് അവര്‍ക്ക് തോന്നി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. അതിനാല്‍ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ തേടിയെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി

അപ്പോഴാണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസ് എന്നെ സമീപിച്ചത്. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരു പുതിയ ഭാഷ പഠിച്ച് തെലുങ്കിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അതിന് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ് സിനിമ ലഭിച്ചു.

Noora T Noora T :