48 മണിക്കൂറിനുള്ളില്‍ കള്ളന്മാരെ പിടികൂടി; മുംബൈ പോലീസിന് നന്ദി പറഞ്ഞ് അനുപം ഖേര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ഓഫീസില്‍ മോഷണം നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ രണ്ട് പേര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പോലീസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. 48 മണിക്കൂറിലാണ് മോഷണം നടത്തിയ രണ്ട് കള്ളന്മാരെ പിടിച്ചത് എന്നാണ് അനുപം ഖേര്‍ പറയുന്നത്.

എന്റെ ഓഫിസില്‍ മോഷണം നടത്തിയ രണ്ട് കള്ളന്മാരെയും പിടിച്ച മുംബൈ പൊലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും. എന്റെ ഓഫിസിലെ സെയ്ഫും മേനെ ഗന്ധി കോ നഹി മാര എന്ന ചിത്രത്തിന്റെ നെഗറ്റീവുമാണ് മോഷ്ടിച്ചത്. 48 മണിക്കൂറിനുള്ളില്‍ അവര്‍ കള്ളനെ പിടിച്ചു എന്നതാണ് അവരുടെ കഴിവ്. മുംബൈ പൊലീസിലെ നല്ലവരായ മനുഷ്യര്‍ക്ക് നന്ദി. ജയ് ഹിന്ദ്. എന്നാണ് അനുപം ഖേര്‍ കുറിച്ചത്.

മുംബൈയിലെ വീര ദേശായ് റോഡിലെ അനുപം ഖേറിന്റെ ഓഫിസില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 4.15 ലക്ഷം രൂപയും സിനിമയുടെ പ്രിന്റും അടങ്ങിയ സേഫാണ് മോഷ്ടിച്ചത്. പിറ്റേദിവസം രാവിലെ 9.45ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെയെന്നും തന്റെ ഓഫീസ് കേസ് ഫയല്‍ ചെയ്തതായും മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അനുപം ഖേര്‍ പറഞ്ഞിരുന്നു.

അതേസമയം, വെറും 37 രൂപയാണ് മുംബൈയില്‍ സിനിമ മോഹിച്ച് വരുമ്പോള്‍ തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്നാണ് അനുപം ഖേര്‍ അടുത്തിടെ പറഞ്ഞത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം തനിക്ക് സിനിമയില്‍ അവസരം ലഭിക്കുമെന്നായിരുന്നു ധാരണയെന്നും എന്നാല്‍ മുംബൈയില്‍ എത്തിയപ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മോഹവുമായി ഒട്ടേറെയാളുകളാണ് മുംബൈയിലേയ്ക്ക് ചേക്കേറുന്നത്. അതില്‍ വളരെ കുറച്ചാളുകള്‍ മാത്രമേ വിജയിക്കൂ. വളരെ ചെറുപ്പം മുതല്‍ തന്നെ എന്റെ തലയില്‍ നിന്ന് മുടി കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു.

അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ ഞാന്‍ ഒരിക്കലും നടനാകുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. സംവിധാന സഹായിയായി സിനിമയില്‍ കയറിപ്പറ്റണം എന്നായിരുന്നു ലക്ഷ്യം.

പല വഴിയ്ക്ക് അലഞ്ഞുവെങ്കിലും ഒന്നും ശരിയായി വന്നില്ല. 37 രൂപയായിരുന്നു സിനിമ മോഹിച്ച് മുംബൈയില്‍ എത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത്. അത് വളരെ പെട്ടന്നു തന്നെ തീര്‍ന്നുപോയി. കിടക്കാനൊരു ഇടംപോലും ഇല്ലാതെ കയ്യില്‍ ഒന്നുമില്ലാതെ മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ ജീവിതം തള്ളി നീക്കിയിട്ടുണ്ട്. ഇന്ന് ആ യാത്ര 530 സിനിമകളില്‍ എത്തിനില്‍ക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

Vijayasree Vijayasree :