പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ പരമേശ്വരൻ എത്തിയത്. എന്നാല്‍ അനുപമ കുറച്ച് മലയാള ചിത്രങ്ങള്‍ മാത്രമാണ് ചെയ്‍തത്. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് നടി സജീവം. ഇനി അനുപമ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ യാണ്.
ഇപ്പോഴിതാ താൻ മലയാള സിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് തുറന്ന് പറയുകയാണ് താരം. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറയുന്നു.
ഒരുപാട് പേര് എന്നെ മലയാളത്തിൽ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നാണ് അനുപമ പറയുന്നത്. മാത്രമല്ല, ‘ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്’, എന്നും അനുമപ അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ അനുപമയെ പിന്തുണച്ച് സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. വേദിയിൽ സംസാരിക്കവെയാണ് സുരേഷ് ഗോപി അനുപമയുടെ വാക്കുകളിൽ പ്രതികരിച്ചത്. ‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ.
എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാൻ. ഒരുപാട് നമ്മൾ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തിൽ നായികയായി വരാൻ അവരുടെ പിന്നാലെ നടന്ന വൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാർഥനയുണ്ട്’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.