പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അ​ഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടൻ പരേഷ് റാവൽ തന്റെ കാൽമുട്ടിലെ പരിക്കിൽ നിന്ന് മോചനം നേടാൻ സ്വന്തം മൂത്രം കുടിച്ചുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടിയും രം​ഗത്തെത്തിയിരിക്കുന്നത്.

ഞാനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്. പലർക്കും ഇതിനെ കുറിച്ച് അറിയില്ല. അത് അജ്ഞതയോ അല്ലെങ്കിൽ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാൻ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ട്. എന്നാൽ ഓർക്കേണ്ട ഒരു പ്രധാന കാര്യം, നിങ്ങൾ മുഴുവൻ മൂത്രവും കുടിക്കുന്നില്ല എന്നതാണ്.

ചെറിയ അളവ് മാത്രമാണ് കുടിക്കുന്നത്. അത് ദിവ്യൗഷധമായി കണക്കാക്കപ്പെടുന്നു. പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. ഞാൻ വ്യക്തിപരമായി അതിന്റെ ഗുണങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്നാണ് മുംബൈയിൽ ഒരു ചടങ്ങിൽ വച്ച് നടി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് നടി വ്യക്തത വരുത്തിയിട്ടില്ല. ശാസ്ത്രത്തിന് എത്ര വർഷത്തെ പഴക്കമുണ്ട്? 200 വർഷം. യോഗ 10,000 വർഷമായി നിലവിലുണ്ട്. അപ്പോൾ നിങ്ങൾ ആരെയാണ് കേൾക്കുക? ഞാൻ തീർച്ചയായും ഇതിനെ പിന്തുണയ്ക്കുന്നു എന്നാണ് അനു അഗർവാൾ പറയുന്നത്.

ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയപ്പോഴാണ് വീരു ദേവ്ഗൺ തന്നോട് സ്വന്തം മൂത്രം കുടിക്കാൻ ആവശ്യപ്പെട്ടതെന്നാണ് പരേഷ് റാവൽ വെളിപ്പെടുത്തിയിരുന്നത്. പരിക്ക് അതിവേഗം ഭേദമാകാൻ, ഓരോ ദിവസവും ആദ്യംശേഖരിക്കുന്ന മൂത്രം കുടിക്കാനാണ് വീരു ദേവ്ഗൺ നിർദേശിച്ചത്.

മൂത്രം കുടിക്കേണ്ടി വന്നാൽ, ബിയർ പോലെ ഓരോ സിപ്പ് വീതം കുടിക്കുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു, കാരണം അത് ശരിയായ രീതിയിൽ കുടിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ 15 ദിവസം മൂത്രം കുടിച്ചു. 15 ദിവസത്തിന് ശേഷം എക്സ്-റേ റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടു. പരിക്ക് ഭേദമാകാൻ സാധാരണയായി 2 മുതൽ 2.5 മാസം വരെ എടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ എന്റെ പരിക്ക് പെട്ടെന്ന് ഭേദമായെന്നും നടൻ പറഞ്ഞു.



Vijayasree Vijayasree :