കേരളാ ഫിലിം ചേംബർ മാർച്ച് 5ന് വീണ്ടും യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നിർമാതാവ് ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചതിനാൽ ആന്റണിയ്ക്ക് നൽകിയ നോട്ടീസ് പിൻവലിക്കും.
ഫിലിം ചേംബർ പ്രസിഡണ്ട് ബി ആർ ജേക്കബുമായി സംസാരിച്ച ശേഷമാണ് ആന്റണി പോസ്റ്റ് പിൻവലിച്ചത്. എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു.
സുരേഷ് കുമാറിനെ വിമർശിച്ചു കൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിർമ്മാതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ്ക്കുള്ളൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി ചോദിച്ചിരുന്നു.
തീയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായി സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. 46 വർഷമായി സിനിമയിൽ ഉണ്ട്. ആന്റണിയെ താൻ കാണാൻ തുടങ്ങിയിട്ടും കുറേ വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താൻ. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തിൽ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല.
സിനിമാ സമരം സംഘടനയെടുത്ത തീരുമാനമാണ്. അതിൽ നിന്ന് പിന്മാറില്ല. 100 കോടി ക്ലബ്ബെന്ന് ചുമ്മാ പറയുന്ന പരിപാടി എല്ലാവരും നിർത്തണം. അത് ആന്റണിയ്ക്കും ബാധകമാണ്. ചുമ്മാ അങ്ങനെ പറഞ്ഞാൽ പോരല്ലോ. അതിനുള്ള തെളിവ് കാണിക്കൂ എന്നും സുരേഷ് കുമാർ പറഞ്ഞു.