സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സത്യം ഒരു ദിവസം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല; ഗായകന്‍ അനൂപ് ശങ്കര്‍

കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയ്‌ക്കെതിരെ ഇടത് -വലത് മുന്നണികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ പരിഹാസവുമായി ഗായകന്‍ അനൂപ് ശങ്കര്‍ രംഗത്ത്.

‘ഒരു ചിന്തയും മറു ചിന്തയും ഇല്ലാതെ സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സത്യം ഒരു ദിവസം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല. സത്യം പറഞ്ഞതിന് അങ്ങേയോട് ഇരട്ടി ബഹുമാനം ഗോപിയാശാനേ അങ്ങില്‍ വസിക്കുന്ന കലാകാരന് പതിന്മടങ്ങു ശോഭയെന്നും’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം വിവാദങ്ങള്‍ക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി രംഗത്തെത്തിയിരുന്നു.

പരിചയക്കാരനായ ഡോക്ടറുടെ ഫോണ്‍ വിളിയിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും പത്മഭൂഷണ്‍ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടര്‍ ചോദിച്ചത് കേട്ടിട്ടാണ് മകന്‍ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഇക്കാര്യമാണ് മകന്‍ രഘു ഫേയ്‌സ്ബുക്കില്‍ എഴുതിയത്.

സുരേഷ് ഗോപിയോടുള്ള സ്‌നേഹം കാരണം താന്‍ അദ്ദേഹത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ പത്മഭൂഷണ്‍ കിട്ടാന്‍ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയും ഇല്ല. പത്മഭൂഷണ്‍ കിട്ടാന്‍ വേണ്ടി അനുഗ്രഹിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് മാനസിക വിഷമം ഉണ്ടാക്കി.

തുടര്‍ന്നാണ് മകന്‍ ഡോക്ടറോട് സംസാരിച്ചത്. പിന്നീടത് വേണ്ടായിരുന്നു എന്നു താന്‍ പറഞ്ഞപ്പോള്‍ മകന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഡോക്ടര്‍ തൃശൂര്‍ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാന്‍ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

Vijayasree Vijayasree :