നമ്മൾ രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അവർ തന്നെ അതിൽ നിന്ന് പിന്മാറി, പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു; അനൂപ് ജോൺ

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ രേണുവിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കുകയാണ് സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറായിരുന്ന അനൂപ് ജോൺ. രേണു ചെയ്യുന്നത് അവരുടെ തൊഴിലാണെന്നും നമുക്ക് ആളുകളെ വിമർശിക്കാൻ അവകാശമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂവെന്നും എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും അനൂപ് പറഞ്ഞു.

സുധിച്ചേട്ടൻ ആ ഷോയിൽ ഉണ്ടായിരുന്ന സമയത്ത് പോലും അത്രയും ആരാധകർ സുധിച്ചേട്ടന് ഉണ്ടായിരുന്നില്ല. ഷോ പോയ സമയത്ത് എന്തിനാണ് സുധിച്ചേട്ടനെ ഇതിനകത്ത് കൊണ്ടുവന്നത് എന്ന് പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ സുധിച്ചേട്ടന്റെ ഇന്നസെൻസായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. സുധിച്ചേട്ടൻ ചുമ്മാ ചിരിച്ചാൽ മതി ആ ഇന്നസെൻസ് കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ആ സമയത്ത് ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു.

സുധിച്ചേട്ടൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ തന്നെ മനസ്സിലാക്കിയത്. അത്രയധികം ഫാൻസ് സുധിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ സുധിച്ചേട്ടൻ വേറെ ലെവലിൽ എത്തിയേനെ എന്നും അനൂപ് ജോൺ പറയുന്നു. അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ, നമുക്ക് ആരുടെ ലൈഫിലോ കരിയറിലോ കയറി ഇടപെടാനോ അതിനകത്ത് കയറി അഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. അവർക്ക് ജീവിക്കണം. ജീവിക്കണമെങ്കിൽ പൈസ വേണം.

നമ്മൾ പലയിടത്ത് നിന്നും രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് അവർ തന്നെ പിന്മാറുകയായിരുന്നു. പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു. സുധിച്ചേട്ടൻ മരിച്ച സമയത്ത് തന്നെ ജോലി കൊടുക്കാൻ നോക്കിയിരുന്നു. സർക്കാർ ജോലി തന്നെ കൊടുക്കാനുള്ള നീക്കമൊക്കെ ഉണ്ടായിരുന്നു. അത് എവിടെയെത്തിയെന്ന് അറിയില്ല. അവരുടെ തൊഴിലാണ്. നമുക്ക് ആളുകളെ വിമർശിക്കാൻ അധികാരമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂ. എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

സുധിയുടെ മരണശേഷമാണ് അഭിനയത്തിൽ‌ ഭാ​ഗ്യം പരീക്ഷിക്കാൻ രേണു ഇറങ്ങിയത്. റീൽസ് താരം ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്ത്പൊട്ട് സിനിമയിലെ ഒരു സീൻ രേണു റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചിരുന്നു. ആ റീലിൽ ചില ഇന്റിമേറ്റ് രം​ഗങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് രേണുവിന് എതിരെ ഒരു വിഭാ​ഗം പ്രേക്ഷകർ രം​​ഗത്ത് എത്താൻ കാരണം. കഴിഞ്ഞ ദിവസം ​ഗ്ലാമറസായി ഫോട്ടോഷൂട്ട് ചെയ്തതിനും കടുത്ത വിമർശനം രേണുവിന് നേരിടേണ്ടി വന്നിരുന്നു.

സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് വരെ കഴിഞ്ഞ ദിവസം രേണുവിനെ വിമർശിച്ച് എത്തിയിരുന്നു. ഇതാണോ 2025ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആൺകുട്ടികൾ അങ്ങനെ പറയും… എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം… വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങൾ. മണ്ടത്തരം വിൽപ്പനയ്ക്ക് വെക്കരുത്.

വിചിത്രമായ സൃഷ്ടികൾക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാൻ കഴിയില്ല എന്നാണ് സ്വപ്‌ന സുരേഷ് കുറിച്ചത്. ഇതിന് പിന്നാലെ രേണുവിനെ ഉപദേശിക്കുന്ന ബി​ഗ് ബോസ് താരം രജിത് കുമാറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാ​ഗമാണ്.

എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം… പുള്ളിക്കാരൻതുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ..? എന്ന് പറഞ്ഞുകൊണ്ടാണ് രജിത് കുമാർ സംസാരിച്ച് തുടങ്ങുന്നത്. സോഷ്യൽമീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.

സുധിയും ഞാനും ഒരുമിച്ച് സ്റ്റാർ മാജിക്ക് ചെയ്തിട്ടുള്ളതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒത്തിരി പ്രോ​ഗ്രാം ചെയ്തിട്ടുണ്ട് എന്നും രജിത് കുമാർ രേണുവിനോട് പറഞ്ഞു. ദാസേട്ടൻ കോഴിക്കോടും രേണുവിനൊപ്പം ചെയ്ഞ്ച് സിനിമയിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ, തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ചും പ്രതികരിച്ച് രേണു എത്തിയിരുന്നു. എന്നെ കമന്റ്സിൽ വന്ന് പലരും തെറി വിളിക്കുന്നുണ്ട്. അത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. എനിക്ക് കെട്ട്യോൻ ഇല്ലാത്തതുകൊണ്ടാണ് ഇവരൊക്കെ പച്ചയ്ക്ക് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് ഉത്തരവാദിത്വപ്പെട്ട ആരുമില്ലെന്ന് കരുതിയാണ് ഇവർ ഇങ്ങനെ ചീത്ത വിളിക്കുന്നത്. ഇവരിൽ ഒരാളെ എങ്കിലും ഞാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രേണു പറഞ്ഞു. ബിക്കിനി ഷൂട്ട് ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടല്ലോ. പ്രധാനപ്പെട്ട ആളുകളൊക്കെ ചെയ്യാറില്ലേ?. അവരോട് ആരോടും ഇല്ലാത്ത പ്രശ്നമാണ് എന്നോട് ഇവർ തീർക്കുന്നത്.

ബിക്കിനി ഷൂട്ട് ചെയ്യുന്നവരെ മലയാളികൾ ഒരും കമന്റിലൂടെ ഒന്നും പ‌റയുന്നില്ലല്ലോ. ബിക്കിനി ഫോട്ടോഷൂട്ട് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. എന്ത് ഇടണം, എന്ത് ഇടേണ്ട എന്നത് അവനവന്റെ ഇഷ്ടമാണ്. ഞാൻ ഒരു റീൽ ചെയ്യുന്നത് ഇത്ര വലിയ പാദകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നെഗറ്റീവ് കമന്റ് എനിക്ക് കുഴപ്പമില്ല. പക്ഷെ തെറിയാണ് പലരും വിളിക്കുന്നത്. ഏത് സോങ്ങിന് റീൽ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്.

റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണോ?. എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ ഞാൻ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ്. മക്കളെ പോറ്റാൻ വേണ്ടിയാണ്. വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല. ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.

കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. അതും എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രം. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്. അതുപോലെ ബോഡി ഷെയ്മിങ് കമന്റിടുന്നവരോട്… അവർ ചിലപ്പോൾ ഐശ്വര്യ റായി ആയിരിക്കും. എനിക്ക് ദൈവം തന്നത് ഇങ്ങനെയാണ്. മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ എനിക്ക് നിർവാഹമില്ല. അതുകൊണ്ട് തന്നെ അത്തരം കമന്റുകൾ ഞാൻ വിട്ടു എന്നും രേണു പറയുന്നു.

റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു.

അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.

അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.

എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം.

ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.

രേണുവിനെതിരെയും വീടിനെ ചൊല്ലിയുമെല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതോടെ രേണുവിനും മക്കൾക്കും വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയിലെ ഫിറോസും രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്.

ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച് നാളുകൾ കഴിയുന്നതോടെ നമ്മൾ ആ വിഷമത്തിൽ നിന്നും മാറും. രേണു അങ്ങനെ മാറുന്നത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

2023 ജൂൺ 5നാണ് കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോൾ തൃശ്ശൂരിൽ വെച്ച് സുധിയ്ക്ക് അപകടം ഉണ്ടാകുന്നത്. നടൻ സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കിൽ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

Vijayasree Vijayasree :