അച്ഛനോട് വിയോജിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടായിട്ടുണ്ട്,അത് തുറന്നുപറയും, തിരുത്തും; അന്ന ബെൻ

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളായ അന്ന ഗംഭീരപ്രകടനമാണ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ കാഴ്ച്ചവച്ചത്. തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന, കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറി ഒപ്പം അന്നയും കയ്യടി നേടി. അതിനുശേഷം അന്നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു താരം.

അരങ്ങേറി നാല് വർഷം പിന്നിടുന്നതിനിടയിൽ മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകൾ എന്ന സ്വന്തമാക്കി. ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും പ്രമേയം കൊണ്ടും താരത്തിന്റെ പ്രകടനം കൊണ്ടും വലിയ ശ്രദ്ധനേടുന്നതായും മാറി. ഇന്ന് മലയാളത്തിലെ യുവാനായികമാരിൽ പ്രധാനിയാണ് താരം.

മലയാളത്തിലെ പ്രഗൽഭനായ തിരക്കഥാകൃത്തിന്റെ മകളാണെങ്കിലും അതറിയാതെയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറപ്രവർത്തകൾ അന്നയെ സിനിമയിലേക്ക് എടുക്കുന്നത്. അതിനു മുൻപ് ലാൽ ജോസിന്റെ അടക്കം നായികയാവാനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ചെല്ലാം സംസാരിച്ചിരിക്കുകയാണ് അന്ന ബെൻ.

പ്ലസ് ടു കഴിഞ്ഞ സമയത്താണ് ലാൽ ജോസ് സിനിമയിലേക്ക് വിളിക്കുന്നത് എന്നാൽ തുടർപഠനത്തെ കുറിച്ചായിരുന്നു അപ്പോഴത്തെ ആലോചന അതിനാൽ ആ അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് അന്ന പറയുന്നു. ‘അച്ഛനോടാണ് ലാലു അങ്കിള്‍ ആദ്യം ചോദിച്ചത്. നേരിട്ട് ചോദിച്ചോളൂ എന്ന് അച്ഛന്‍ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ സമയമായിരുന്നു അത്. ഡിഗ്രി എന്ത് ചെയ്യും എവിടെ ചെയ്യുമെന്നൊക്കെയായിരുന്നു അപ്പോഴത്തെ ആലോചന. പൊതുവേ ഞാന്‍ നാണക്കാരിയാണ്. അതിന്റേതായ ചമ്മലുമുണ്ട്. അതുകൊണ്ട് ഒരുപാടൊന്നും ആലോചിച്ചില്ല. ലാലു അങ്കിൾ ചോദിച്ചപ്പോൾ നോ പറഞ്ഞു’,

പിന്നീട് കുമ്പളങ്ങിയിലേക്ക് എത്തിയതിനെ കുറിച്ചും അന്ന വാചാലയായി. ‘ഡിഗ്രി ഫാഷന്‍ ഡിസൈനിങ് കഴിഞ്ഞ് ഒരു വര്‍ഷം ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്നു. ആ സമയം ഫാഷന് ഉപരിയായി എന്തെങ്കിലും പഠിക്കണം, ചെയ്യണമെന്നൊക്കെ തോന്നലുണ്ടായി. അതിനിടെ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. ഓഡിഷന്‍ പോസ്റ്ററായിരുന്നു അത്. ആ പോസ്റ്റര്‍ എനിക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ ഇഷ്ടമായി’,


അതോടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ആദ്യം അവര്‍ക്ക് ഒരു വീഡിയോ അയച്ചുകൊടുത്തു. അത് ഇഷ്ടമായതോടെ അവര്‍ വിളിച്ചു. പിന്നീട് അവിടെ പോയി പെര്‍ഫോം ചെയ്തു. സെലക്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ കുടുംബ പശ്ചാത്തലമൊക്കെ ചോദിച്ചു. ബെന്നി പി. നായരമ്പലമാണ് അച്ഛനെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ലെന്നായിരുന്നു അവരുടെ ചോദ്യമെന്ന് അന്ന പറയുന്നു. അതേസമയം സിനിമയാണ് തന്റെ വഴിയെന്ന് ഉറപ്പിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യ ഷോട്ടിന് ശേഷമാണെനും താരം പറഞ്ഞു.


അച്ഛന്റെ തിരക്കഥയിൽ അഭിനയിക്കുന്ന അഞ്ച് സെന്റും സെലീനയും എന്ന സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ചും അന്ന സംസാരിച്ചു. കഥ കേട്ടപ്പോൾ അച്ഛനോട് നോ പറയേണ്ട സന്ദർഭമുണ്ടായോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അന്ന. ‘കഥയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. അച്ഛനോട് വിയോജിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടായിട്ടുണ്ട്. അത് തുറന്നുപറയും, തിരുത്തും. മുന്‍പും അച്ഛന്റെ കഥകള്‍ കേള്‍ക്കാറുണ്ട്. ചില കോമഡികള്‍ അച്ഛന്‍ ഞങ്ങളോടാകും ആദ്യം പറയുന്നത്. ഞങ്ങള്‍ ചിരിച്ചാല്‍ ലോക്കല്‍സിന് വര്‍ക്കായി എന്ന് പറഞ്ഞ് തമാശയാക്കും’, അന്ന പറഞ്ഞു.

‘അമ്മയാണ് ഞങ്ങളുടെ കരുത്ത്. എല്ലാവരുടെയും കാര്യത്തില്‍ അമ്മ ഇടപെടും. നല്ലൊരു സിനിമാ പ്രേമിയാണ്. ഞങ്ങളുടെ സിനിമ കണ്ടാല്‍ ഫീഡ്ബാക്ക് തരും. അച്ഛനെ കടുപ്പത്തില്‍ വിമര്‍ശിക്കും. മോളായതുകൊണ്ട് എനിക്കുനേരേ വിമര്‍ശനം ലഘുവായിരിക്കും. അനിയത്തിയും അമ്മയേക്കാള്‍ വലിയ വിമര്‍ശകയാണ്’, അന്ന ബെൻ വാചാലയായി.

AJILI ANNAJOHN :