തെന്നിന്ത്യൻ നായിക അഞ്ജലി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് !

തെന്നിന്ത്യൻ നായിക അഞ്ജലി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക്

ജോജു ജോർജിൻ്റെ നായികയായി തെന്നിന്ത്യൻ താരം അഞ്ജലി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ശക്തമായ കഥാപാത്രവുമായിട്ടാണ് നായികയുടെ കടന്നു വരവ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ഹിറ്റ് നേടിയ താരം മലയാളത്തിൽ മാലിനി എന്ന കഥാപാത്രത്തെയാണ് മലയാളത്തിൽ അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം അഞ്ജലിയുടെ മടങ്ങിവരവ്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. രോഹിത് എം.ജി. കൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി രണ്ടിന് തിയറ്ററിലെത്തും.

ദേശീയ, സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ചിത്രത്തിലെ രണ്ടു കഥാപാത്രങ്ങളെന്ന് ചിത്രത്തിൻ്റെ പ്രവര്‍ത്തകര്‍ പറയുന്നു. സ്വഭാവത്തില്‍ വ്യത്യസ്‍തകളുള്ള ഇരട്ടകളായാണ് ജോജു വെള്ളിത്തിരയിലെത്തുന്നത്.
2010 ൽ വസന്ത ബാലൻ സംവിധാനം ചെയ്ത അങ്ങാടി തെരുവിൻ്റെ വിജയത്തോടെയാണ് സൗത്തിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായി മാറുന്നത്. പിന്നീട് കരുത്തുള്ള നിരവധി കഥാപാത്രങ്ങൾ ചെയ്തു . ജയസൂര്യയുടെ നായികയായി 2011 ൽ പയ്യൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ആദ്യമായി എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ റോസാപ്പൂവിലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ആന്ധ്രാ സർക്കാരിൻ്റെ മികച്ച അഭിനേത്രിക്കുള്ള നാന്ദി പുരസ്കാരം രണ്ടു തവണയും 2011 ൽ അങ്ങാടി തെരുവിലൂടെ തമിഴ്നാട് സർക്കാരിൻ്റെ പരസ്കാരവും നേടിയിട്ടുണ്ട് .സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അഞ്ജലി വളരെ ശ്രദ്ധ കൊടുക്കുന്ന താരമാണ്.

മലയാളത്തിൽ കുറച്ചു സിനിമകളാണ് ചെയ്യുന്നതിെങ്കിലും മലയാള താരങ്ങൾക്കൊപ്പം മറ്റു ഭാഷകളിലെ സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അഞ്ജലിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷം അ‍ഞ്ജലിയാണ് അവതരിപ്പിച്ചത്. വിജയലക്ഷ്മി എന്ന കഥാപാത്രമായിരുന്നു അ‍ഞ്ജലയുടേത്. റിലീസിനൊരുങ്ങുന്ന നിവിൻ പോളി നായകനായ തമിഴ് ചിത്രം ഏഴു കടൽ ഏഴു മലൈയിലും നായിക അഞ്ജലിയാണ്. പേരൻപും റാമും സംവിധാനം ചെയ്തിരിക്കുന്നത് തമിഴ് സിനിമയിലെ പ്രതിഭാ സമ്പന്നനായ റാമാണ്. തെലുങ്ക് സിനിമയിൽ തുടക്കം കുറിച്ച അഞ്ജലിയ്ക്ക് തമിഴിലേക്കു കാട്രത് തമിഴ് എന്ന ചിത്രത്തിലൂടെ തുടക്കം നൽകിയതും റാം ആയിരുന്നു.


മലയാളത്തിലേക്ക് വീണ്ടും എത്തുന്ന ചിത്രം “ഇരട്ട” ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് നിർമിക്കുന്നത്. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് ഛായാഗ്രാഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Kavya Sree :