പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന തട്ടിപ്പ്; ബോളിവുഡ് നടി അഞ്ജലി പാട്ടീലിന് നഷ്ടമായത് ലക്ഷങ്ങള്‍

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച ബോളിവുഡ് നടി അഞ്ജലി പാട്ടീലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന തട്ടിയത് ലക്ഷങ്ങള്‍. 5.79 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പിന് ആണ് നടി ഇരയായത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അഞ്ജലിയുടെ പേരില്‍ വന്ന കൊറിയറില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.

ഫെഡ്എക്‌സ് എന്ന കൊറിയര്‍ കമ്പനിയിയുടേ പേര് പറഞ്ഞാണ് തട്ടിപ്പ് സംഘം നടിയെ സമീപിച്ചത്. കൊറിയര്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ദീപക് ശര്‍മയാണ് എന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍ കോള്‍ അഞ്ജലിക്കു വന്നു. തായ്‌വാനില്‍നിന്ന് അഞ്ജലിക്കൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും അതില്‍ ലഹരിമരുന്ന് ഉള്ളതിനാല്‍ കസ്റ്റംസ് തടഞ്ഞ് വച്ചിരിക്കുകയാണ് എന്നുമായിരുന്നു സന്ദേശം.

അഞ്ജലിയുടെ ആധാര്‍ കാര്‍ഡും പാഴ്‌സലില്‍നിന്ന് കണ്ടെടുത്തെന്നും സ്വകാര്യ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ എത്രയും പെട്ടെന്ന് മുംബൈ സൈബര്‍ പൊലീസിനെ ബന്ധപ്പെടാനും നിര്‍ദ്ദേശം വന്നു. ഇതിനു തൊട്ടുപിന്നാലെ മുംബൈ സൈബര്‍ പൊലീസില്‍ നിന്ന് ബാനര്‍ജിയാണെന്നു പരിചയപ്പെടുത്തി സ്‌കൈപ്പില്‍ മറ്റൊരു കോള്‍ കൂടി വന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു.

അഞ്ജലിയുടെ നിരപരാധിത്വം തെളിയിക്കാമെന്നു പറഞ്ഞ് പ്രൊസസിങ് ഫീസായി അവരില്‍നിന്ന് 96,525 രൂപയും വാങ്ങി. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനായി പഞ്ചാബ് നാഷനല്‍ ബാങ്കിലെ ഒരു അക്കൗണ്ടിലേക്ക് 4,83,291 രൂപ ഇടാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടുടമസ്ഥനോട് കാര്യം പറഞ്ഞപ്പോഴാണ് താന്‍ സൈബര്‍ തട്ടിപ്പിന്റെ ഇരയായതാണെന്ന് അഞ്ജലിക്ക് മനസ്സിലായത്.

തുടര്‍ന്ന് ഡിഎന്‍ നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സാധനങ്ങള്‍ ഓരോ ഇടങ്ങിളിലേക്ക് എത്തിക്കുമ്പോഴും വ്യക്തിവരങ്ങള്‍ ഫോണ്‍കോളിലൂടെയോ ഈ മെയിലിലൂടെയോ തങ്ങള്‍ ചോദിക്കാറില്ലെന്ന് കൊറിയര്‍ കമ്പനിയായ ഫെഡെക്‌സ് വ്യക്തമാക്കി. സമാനമായ സന്ദേശം എത്തിയാല്‍ പൊലീസിനെ ഉടന്‍ അറിയിക്കണമെന്നും കമ്പനി വ്യക്തമാക്കി. ന്യൂട്ടണ്‍, കാല, ഫൈന്റിംഗ്, ഫാനി, തുടങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അഭിനേത്രിയാണ് അഞ്ജലി പാട്ടീല്‍.

Vijayasree Vijayasree :