വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തങ്ങൾ നേരിട്ട ചൂഷണങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് മലയാള സിനിമാ രംഗത്തു നിന്നും മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ.
ട്രാൻസ്‌ജെൻഡേഴ്സിന് സ്ത്രീകളെപ്പോലെയാണോ ലൈം ഗിക സംതൃപ്തി അനുഭവപ്പെടുക എന്നാണ് സുരാജ് വെഞ്ഞാറമൂട് എന്നോട് ചോദിച്ചത്. അതു വരെ അതുപോലൊരു ട്രൊമാറ്റിക് അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാൻ കരുത്തയായ സ്ത്രീയാണ്. ശക്തയാണ്. പക്ഷെ ആ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
ഞാൻ അദ്ദേഹത്തിന് താക്കീത് നൽകുകയും മമ്മൂട്ടിയോടും സംവിധായകനോടും പരാതിപ്പെടുകയും ചെയ്തു. പിന്നാലെ സുരാജ് വന്ന് എന്നോട് മാപ്പ് പറയുകയും ചെയ്തു. പിന്നീടൊരിക്കലും എന്നോട് അതുപോലെ സംസാരിച്ചിട്ടുമില്ല. ഇൻഡസ്ട്രിയിൽ ഒരുപാട് നല്ല വ്യക്തികളുണ്ട്. പക്ഷെ കോംപ്രൈമസോ ഫേവറുകളോ ചോദിക്കാത്തവരില്ല എന്നല്ല.
അങ്ങനെയുള്ളവരുമുണ്ട്. ഞാൻ കരുതലോടെ നീങ്ങുന്നതിനാലും ആഫ്റ്റർ പാർട്ടികളിൽ നിന്നും വിട്ടു നിൽക്കുന്നതിനാലും എനിക്ക് ഇത്തരം അനുഭവങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് അഞ്ജലി അമീർ പറയുന്നത്. അതേസമയം, ഇന്നലെ തന്നെ നിരവധി പേർക്കെതിരെയാണ് ആരോപണം ഉയർന്ന് വന്നത്.
മുൻനിര നടന്മാരായ സിദ്ധീഖ്, ജയസൂര്യ, മുകേഷ്, ബാബുരാജ്, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരേയും സംവിധായകരായ രഞ്ജീത്ത്, ശ്രീകുമാർ മേനോൻ, വികെ പ്രകാശ്, തുളസീദാസ് തുടങ്ങിയവർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുകേഷിനെതിരെ ഇതിനോടകം തന്നെ മൂന്ന് പേർ രംഗത്തെത്തിയിട്ടുണ്ട്.