താന്‍ സിനിമ ചെയ്യുന്നത് ജനങ്ങളെ മൂല്യം പഠിപ്പിക്കാനല്ല, സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല; അനിമലിന്റെ സംവിധായകന്‍

രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ ചരിത്ര വിജയം ആയിരിക്കുകയാണ് ‘അനിമല്‍’. കടുത്ത സ്ത്രീ വിരുദ്ധതായാണ് ചിത്രത്തില്‍ എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും അനിമല്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 870 കോടിയോളം നേടിക്കഴിഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ ഇപ്പോള്‍. സന്ദീപ് റെഡ്ഡിയുടെ മുന്‍ ചിത്രങ്ങളായ ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിംഗ്’ എന്നിവയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

താന്‍ സിനിമ ചെയ്യുന്നത് ജനങ്ങളെ മൂല്യം പഠിപ്പിക്കാനല്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ‘സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തില്‍ അയാളാണ് ഡോക്ടറെ കാണേണ്ടത്.’

‘ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളല്ല ഞാന്‍ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നത്. ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം.’

‘യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, ആ അവസരത്തില്‍ നിങ്ങള്‍ക്ക് എന്നോട് ഒരു മാനസിരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ പറയാം’ എന്നാണ് സന്ദീപ് റെഡ്ഡി പറയുന്നത്.

Vijayasree Vijayasree :