സഹസംവിധായകനും ശിൽപ്പിയുമായിരുന്ന അനിൽ സേവ്യർ അന്തരിച്ചു. 39 വയസായിരുന്നു. ഫുട്ബോൾ കളിയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലിയിരുന്നു അദ്ദേഹം. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായിരുന്നു അദ്ദേഹം.
അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. മാതാവ്, അൽഫോൻസ സേവ്യർ, അനിലിൻ്റെ തീരുമാനപ്രകാരം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേസമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്.
കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. അതേസമയം, പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രം എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. എസ് ഹരീഷാണ് രചന.
ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ സുരാജ് വിക്രമിനൊപ്പമുള്ള തമിഴ് സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. അൻജന ഫിലിംസ്, വാർസ് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.