ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല’; ഒടുവില്‍ ആ കത്ത് പുറത്ത് വിട്ട് നടി ആഞ്ജലീന ജോളി

താലിബാന്‍ ഭരണം നിലവില്‍വന്നതോടെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേല്‍ വന്ന അടിച്ചമര്‍ത്തലുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഒരു പെണ്‍കുട്ടി തനിക്കയച്ച കത്ത് പങ്കുവച്ച് അഫ്ഗാനിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും മറക്കരുതെന്ന് പറയുകയാണ് നടി ആഞ്ജലീന ജോളി.

താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് ലോകത്തിന് വെളിപ്പെടുത്തുകയാണ് ഈ കത്ത്. ‘അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടി എനിക്ക് അയച്ച കത്താണിത്. അവള്‍ ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍, സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സ്ത്രീകള്‍ അറസ്റ്റിലാകുന്നതിനാല്‍, ‘ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ എനിക്ക് ഇനി ഒരിക്കലും പുറത്തുപോകാനോ സംസാരിക്കാനോ പോലും കഴിഞ്ഞേക്കില്ല’ എന്ന് അവള്‍ എഴുതിയിരിക്കുന്നു’, തനിക്ക് ലഭിച്ച കത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവച്ചിട്ടുണ്ട്.

‘കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.’

‘അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയില്‍ യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേല്‍ അനുദിനം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ദയവായി സഹായിക്കുക’, എന്നും നടി കുറിച്ചു.

Vijayasree Vijayasree :