മരണത്തെ ഞാൻ മുഖാമുഖം കണ്ടു; അനീഷ് രവിയ്ക്ക് സംഭവിച്ചത് കണ്ടോ?

കാര്യം നിസാരം എന്ന പരമ്പരയിലെ മോഹനേട്ടനായി എത്തി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനീഷ് രവി. ലോക് ഡൗണ്‍ കാലത്ത് തുടര്‍ച്ചയായ 51 ദിവസം ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രേക്ഷകരുമായി സംവദിക്കാനും പലതരം ആശങ്കകളുമായി ജീവിച്ചവരെ മോട്ടിവേറ്റ് ചെയ്ത് സംസാരിക്കാനും അനീഷ്‌ ശ്രമിച്ചിരുന്നു.

അത് സാധിച്ചത് സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് അദ്ദേഹം പറയുന്നു. ”പലതരം പ്രതിസന്ധികള്‍ കടന്നു വന്നതാണ് ഞാന്‍. മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. അതിലൊന്ന് ഏറെക്കാലം ഉണര്‍വിലും ഉറക്കത്തിലും എന്നെ വേട്ടയാടിയ കടുത്ത തലവേദനയില്‍ നിന്നുള്ള മോചനമായിരുന്നു” അനീഷ്‌ ഒരു മാഗസീനിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ‘2006-2007 കാലത്ത് മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ തലവേദന എത്തുന്നത്.

ഒരു ഘട്ടത്തില്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി. അത്രയ്ക്കുണ്ടായിരുന്നു തലവേദന. വേദന കൊണ്ടു ഞാന്‍ പുളഞ്ഞു. പല ചികിത്സയും നോക്കി. ഗുണം ചെയ്തില്ല. എന്താണു കാരണമെന്നും മനസ്സിലായില്ല. നെറ്റി പൊള്ളും വരെ വിക്സ് വാരിപ്പുരട്ടിയിട്ടും ഗുളികകള്‍ കഴിച്ചിട്ടും വേദന അസഹ്യമായി തുടര്‍ന്നു. കൃഷ്ണമണികള്‍ ചലിപ്പിക്കാനോ ഉച്ചത്തില്‍ സംസാരിക്കാനോ എന്തിന് പല്ലു തേച്ചിട്ട് നാക്കു വടിക്കാനോ പോലും പറ്റില്ല.

എന്നിട്ടും കടുത്ത വേദന സഹിച്ച്‌ അഭിനയം തുടര്‍ന്നു. ശരിക്കൊന്നു കുനിയാനോ നിവരാനോ പോലും സാധിക്കില്ല. മിന്നുകെട്ടിലെ കഥാപാത്രമാകട്ടെ ഉറക്കെ സംസാരിക്കുന്ന, കോമഡിയൊക്കെയുള്ളതുമാണ്. ഒരു നിമിഷം ജീവിതവും കരിയറും കൈവിട്ടു പോകുന്നതായി എനിക്കു തോന്നി. ചിറയിന്‍കീഴ്, ശാര്‍ക്കര ക്ഷേത്രത്തില്‍ പോയി ദേവിയുടെ മുന്നില്‍ ഞാന്‍ നിറകണ്ണുകളോടെ തൊഴുതു പറഞ്ഞത്, ‘എനിക്കു മറ്റൊന്നും വേണ്ട, ആരോഗ്യത്തോടെ നിവര്‍ന്നു നില്‍ക്കാനാകണേ…’ എന്നു മാത്രമാണ്.

ഒടുവില്‍ എന്റെ പ്രാര്‍ത്ഥ ദൈവം കേട്ടു. അങ്ങനെയാണ് ഭാര്യയുടെ ചേച്ചി ഡോക്ടര്‍ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോക്ടര്‍ ഈശ്വറിന്റെ അടുത്തെത്തുന്നത്. എന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിരുന്നു. അതോടം ഭയം കൂടി. സര്‍ജറി വേണ്ടി വരുമോ. വന്നാല്‍ എന്താകും സംഭവിക്കുക എന്നൊക്കെയുള്ള ആശങ്കയില്‍ നിന്ന എന്നെ കൂളായി ജീവിതത്തിലേക്കു തിരികെ വിളിക്കുകയായിരുന്നു ഡോക്ടര്‍ ഈശ്വര്‍. രണ്ടു വര്‍ഷമായിരുന്നു മരുന്നിന്റെ കോഴ്സ്. പതിയെപ്പതിയെ വേദന എന്നെ വിട്ടു പോകാന്‍ തുടങ്ങി. സ്പോട്ടും ഇല്ലാതെയായി. ഇപ്പോള്‍ ഞാനതില്‍ നിന്നു പൂര്‍ണമായി മുക്തനാണ്. അങ്ങനെ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടത്തില്‍ ഈശ്വര തുല്യനായി കയറിവന്ന ആളാണ് ഡോക്ടര്‍ ഈശ്വര്‍”. അനീഷ് തുറന്നു പറയുന്നു

Noora T Noora T :