ഇരുണ്ട നിറംകൊണ്ടു കാര്യം നടക്കില്ലെന്നു സംവിധായകർ -നടൻറെ മകളായിട്ടും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞു നടി കീർത്തി പാണ്ഡ്യൻ

നായികയ്ക്ക് സൗന്ദര്യം വേണം! സംവിധായകന്മാരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിരിക്കുകയാണ് നടി കീർത്തി പാണ്ഡ്യന്‍ .ശ്രദ്ധയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പാണ്ഡ്യൻറെ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഗ്ലാമര്‍ ലോകമായി മാറി കൊണ്ടിരിക്കുകയാണ് സിനിമാലോകം. സൗന്ദര്യവും മേനി അഴകമുള്ളവര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുന്ന എന്ന സമീപനം പല ഇന്‍ഡസ്ട്രികളിലുമുണ്ട്. കഴിവുണ്ടെന്ന് കരുതി ഉയരങ്ങള്‍ കീഴടക്കാമെന്ന് പ്രതീക്ഷിച്ചാല്‍ ഇതൊന്നും നടക്കില്ല. തനിക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നടി കീര്‍ത്തി പാണ്ഡ്യന്‍.

നായികയാവാന്‍ നല്ല നിറം വേണമെന്നും ഇരുണ്ട നിറം കൊണ്ട് കാര്യം നടക്കില്ലെന്നും തന്നോട് പല സംവിധായകരും പറഞ്ഞതായി കീര്‍ത്തി വെളിപ്പെടുത്തിയിരിക്കുകയാണ്. കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് എത്തിയപ്പോഴായിരുന്നു നടി മനസ് തുറന്നത്. തനിക്ക് നേരിടേണ്ടി വന്ന അനുഭവം വെളിപ്പെടുത്തിയപ്പോള്‍ വികാരഭരിതയായിട്ടാണ് നടി സംസാരിച്ചത്. വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു കീര്‍ത്തി. ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്ബ എന്ന സിനിമയിലൂടെയാണ് കീര്‍ത്തി നായികയായിട്ടെത്തുന്നത്.

കീര്‍ത്തി പാണ്ഡ്യന്റെ വാക്കുകളിലേക്ക്..
തുമ്ബയുടെ റിലീസിനോടനുബന്ധിച്ച്‌ നടന്ന പ്രമോഷന്‍ പരിപാടിയില്‍ വെച്ചാണ് കീര്‍ത്തി ആദ്യ സിനിമാനുഭവം ആരാധകരോട് പങ്കുവെച്ചത്. എന്റെ ശരീര പ്രകൃതത്തെ പറ്റി മോശം കമന്റുകള്‍ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ് എന്നും പറഞ്ഞായിരുന്നു കീര്‍ത്തി സംസാരിക്കാന്‍ തുടങ്ങിയത്. ഞാന്‍ എങ്ങനെയാണോ അതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. ക്യാമറ ടെസ്റ്റിന് വിളിച്ചപ്പോഴും എന്റെ നിറമോ ആകാര ഭംഗിയോ അദ്ദേഹത്തിന് പ്രശ്‌നമായി തോന്നിയില്ലയ ഇത് പറയാന്‍ കാരണം ഏകദേശം മൂന്ന് വര്‍ഷത്തോളമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍ കമന്റുകള്‍ പറയുമായിരുന്നു.

എന്നെ പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുമോ? നിറം കുറവല്ലേ..? എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു ആവര്‍ത്തിച്ച്‌ കേള്‍ക്കേണ്ടി വന്നിരുന്നത്. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോട് തടി വയ്ക്കണമെന്നോ, ഏതെങ്കിലും രീതിയില്‍ കാഴ്ചയില്‍ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ലെന്നും കീര്‍ത്തി പറയുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു.

അദ്ദേഹം രൂപപ്പെടുത്തി എടുത്ത കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ എനിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്ക് വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാന്‍ കഴിയില്ലെന്നും കീര്‍ത്തി വ്യക്തമാക്കുന്നു. കീര്‍ത്തിയ്ക്ക് നേരിടേണ്ടി വന്ന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സഹതാരം ദീന. നിറത്തെയും ലുക്കിനെയും പരിഹസിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ അനുദിനം വരാറുണ്ടെന്ന് ദീന പറയുന്നു. കാഴ്ചയിലുള്ള അഴകിനെക്കാള്‍ അഭിനയത്തിലുള്ള അഴകാണ് വലുത്.

അരുണ്‍ പാണ്ഡ്യന്‍

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മലയാളത്തിലെ ഹിറ്റ് ചിത്രം ശ്രദ്ധയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അരുണ്‍ പാണ്ഡ്യന്‍ എന്ന താരമായിരുന്നു. അദ്ദേഹത്തിന്റെ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. അഭിനേതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അരുണ്‍ പാണ്ഡ്യന്‍ നിലവില്‍ തമിഴ് രാഷ്ട്രീയത്തിലും സജീവമാണ്. കാടിന്റെ കഥ പറഞ്ഞെത്തുന്ന തുമ്ബ എന്ന ചിത്രം ജൂണ്‍ 21 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ദര്‍ശന്‍, കീര്‍ത്തി പാണ്ഡ്യന്‍, ദീന, ബാല, എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ജയം രവി ഒരു അതിഥി വേഷത്തിലും ചിത്രത്തിലെത്തും.

An emotional keerthi pandian breaks down at press meet of thumbaa!

Sruthi S :