ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം.
എന്നാൽ 2019 ആയപ്പോഴേയ്ക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. കഴിഞ്ഞ വർഷങ്ങളിലായി ഇരുവരും പുതിയ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അമൃതയ്ക്ക് ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുകയും അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലുമായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ബാല എലിസബത്തുമായും അമൃത ഗോപിസുന്ദറുമായും വേർപിരിഞ്ഞു.
ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും പിരിയുകയായിരുന്നെന്ന് അമൃത പറയുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമൃതയും സഹോദരി അഭിരാമിയും.
ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥയാണ്. ഞങ്ങൾക്ക് സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് മനസിലായി. സമാധാനപരമായി പിരിഞ്ഞെന്നും അമൃത പറഞ്ഞു.
ഇത്രയും വലിയ സ്റ്റെപ്പ് എടുക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നാണ് ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം വന്ന ട്രോളുകളെക്കുറിച്ച് ചോദിച്ചപ്പോൾ അമൃത പറഞ്ഞത്. അമൃതയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷും സംസാരിച്ചു. ലൈഫ് സ്റ്റെെൽ ഭയങ്കര വ്യത്യാസം ആയിരുന്നു.
ആശയപരമായുള്ള വ്യത്യാസമായിരുന്നു ചേച്ചിയും ഗോപി സുന്ദറും പിരിയാൻ പ്രധാന കാരണമെന്ന് അഭിരാമി വ്യക്തമാക്കി. കല്യാണം കഴിക്കാൻ എനിക്ക് പേടിയേ ഉള്ളൂ. വിവാഹം ചെയ്യണമെന്ന് തനിക്കില്ല. എനിക്ക് സാമ്പത്തിക സ്ഥിരതയാണ് വേണ്ടത്. അമൃത ചേച്ചിയുടെ കാര്യത്തിൽ ഞങ്ങൾ സാമ്പത്തികമായി സ്റ്റേബിൾ ആയിരുന്നെങ്കിൽ കുറേക്കൂടി ഫൈറ്റ് ചെയ്യാൻ പറ്റിയേനെ. ലീഗലായും മറ്റെല്ലാ രീതിയിലും. അതിനാൽ പണക്കാരി ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഭിരാമി പറഞ്ഞു.
അടുത്തിടെ അമൃതയും മകളും ബാലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നത് വലിയ വാർത്തയായിരുന്നു. അമൃതയെ ഒരു അഭിമുഖത്തിൽ ബാല കുറ്റപ്പെടുത്തിയത് ചർച്ചയായി. പിന്നാലെ ഗായികയ്ക്ക് നേരെ വ്യാപക സൈബർ ആക്രമണം വന്നു. ഇതോടെയാണ് മകൾ അവന്തിക എന്ന പാപ്പു ബാലയ്ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയത്. അമൃത പിന്നീട് ബാലയ്ക്കെതിരെ പരാതി നൽകി. ഇതിന്റെ പേരിൽ നടനെ പോലീസ് അറസ്റ്റും ചെയ്തിരുന്നു.
വിവാഹ ജീവിതത്തിൽ താൻ നേരിട്ട പീഡനങ്ങളും ഗായിക അന്ന് വെളിപ്പെടുത്തിയിരുന്നു. ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.