ഇൻകം ടാക്‌സ് ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു, ജനറൽ ബോഡി യോഗത്തിൽ അപ്പം കടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യണം, അമ്മയുടെ രഹസ്യ മീറ്റിംങ് ലൈവായി യൂട്യൂബില്‍!; സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറി

കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ ജനറൽബോഡിയോഗം നടന്നിരുന്നത്. മധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് മിനിറ്റ് നേരം മാത്രമാണ് യോഗം നടക്കുന്ന ഹാളില്‍ പ്രവേശിക്കുവാനും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുവാനും അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ഇതിനിടെയും മാധ്യമപ്രവര്‍ത്തകരും ബൗൺസർമാരും തമ്മില്‍ സംഘര്‍ഷമുണ്ടാരുന്നു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ അമ്മയ്ക്കെതിരെ രംഗത്തെത്തയിരുന്നു.

രാവിലെ 10 മണി മുതൽ പത്ത് മിനിറ്റ് നേരത്തേയ്ക്ക് യോഗം നടക്കുന്ന ഹാളിനുള്ളിൽ പ്രവേശിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നു. ഇത് അനുസരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹാളിന് പുറത്ത് വെച്ച് തന്നെ ബൗൺസർമാരെ ഉപയോഗിച്ചു തടഞ്ഞ് വെയ്ക്കുകയും രണ്ടു മണിക്കൂറോളം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു. ഒടുവിൽ അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങുമാത്രം പകർത്താൻ അനുമതിനൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൽകിയ സ്വീകരണത്തിലേക്കും മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.

എന്നാല്‍ മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് സംഘടനയ്ക്കുള്ളിൽ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യസ്വഭാവമുള്ള പൊതുചർച്ചയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമുൾപ്പെടെയാണ് ലോകംമുഴുവനുമെത്തിയത്. എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുള്ള ബഹളവും പ്രതിഷേധവും തത്സമയം പ്രേക്ഷകർ കണ്ടത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കി എന്നുമാണ് പുതിയനേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞവർഷംമുതൽ അമ്മയുടെ ജനറൽബോഡിയോഗം പകർത്താനുള്ള അവകാശം ഒരു യൂട്യൂബ് ചാനലിന് മാത്രമാണ് നൽകുന്നത്. ഇത്തവണയും 20 ലക്ഷത്തോളം രൂപനൽകി ഇവർ തന്നെയാണ് സംപ്രേഷണാവകാശം നേടിയത് എന്നുമാണ് വിവരം. ഇൻകം ടാക്‌സ് നൂലാമാലകൾ ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടന രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങളും സ്ഥലംവാങ്ങലിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളും വരെ ലൈവായി പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

മാത്രമല്ല, വരും വർഷം ജനറൽബോഡിയോഗത്തിൽ അപ്പംകടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയുണ്ടായ വാക്കേറ്റവും പ്രതിഷേധവും എല്ലാം കൂടെയായപ്പോള്‍ താരങ്ങൾക്കെതിരെ അധിക്ഷേപവും വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആർഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കൂടി ഔദ്യോഗികമായി അറിയിക്കണമെന്നും പ്രസ് ക്ലബ് ഭാരവാഹികൾ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന മട്ടിൽ പേരും ഫോൺ നമ്പറും വച്ചൊരു വാട്സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവർത്തകർക്കു മാത്രം അയച്ചിരുന്നു. ഇതു സത്യമാണെങ്കിൽ മേലിൽ അമ്മയെ സംബന്ധിച്ചുള്ള വാർത്തകൾ ഈ വ്യക്തി നൽകുന്നതു മാത്രം പ്രസിദ്ധീകരിച്ചാൽ മതിയല്ലോയെന്നും മാധ്യമപ്രവർത്തകർ പ്രസ്താവനയിലൂടെ ചോദിച്ചിരുന്നു.

Vijayasree Vijayasree :