സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി മലയാള താരസംഘടനയായ ‘അമ്മ’ രംഗത്ത്. സംഘടനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം.. അമ്മ ആസിഫിനൊപ്പം’, എന്നാണ് സംഘടന കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങൾ’ ട്രെയ്‌ലർ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം.
രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സിനിമാ ലോകത്ത് നിന്നും അല്ലാതെയും നിരവധി പ്രമുഖരും അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് രമേശ് നാരായണും രംഗത്തെത്തിയിരുന്നു.
ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ്അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും രമേശ് നാരായൺ പറഞ്ഞു.

മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നത്. താൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിലേയ്ക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ല. അതിനാൽ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാൻ തീരുമാനിക്കുകയായിരുന്നു.
ഞാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ ജയരാജിന്റെ കയ്യിൽ നിന്ന് വാങ്ങാനായിരുന്നു ആഗ്രഹം. അതിനാൽ ജയരാജനെ വിളിച്ചപ്പോൾ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായൺ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രമേശ് നാരായണിന്റെ പ്രതികരണം.
