മോഹൻലാലിന് എത്താൻ കഴിയില്ല; അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിലയൊരു കൊടുങ്കാറ്റാണ് സിനിമാ മേഖലയിൽ ആഞ്ഞുവീശിയിരിക്കുന്നത്. ഇതിൽ നിരവധി പേരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴുകയും പല വി​ഗ്രഹങ്ങളും ഉടയുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ നടക്കുമെന്നുള്ള വിവരവും പുറത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. പുതിയ തീയതി ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. സി​ദ്ദി​ഖ് രാജി​വച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി​യായി ബാബുരാജ് ചുമതലയേൽക്കുമെന്നാണ് വിവരം. നിലവിൽ ജോയി​ന്റ് സെക്രട്ടറിയാണ് ബാബുരാജ്.

സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയാണ് രഞ്ജത്തിന്റെയും രാജി പുറത്തെത്തിയത്. ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ബം​ഗാളി നടി രഞ്ജിത്തിനെതിരെ രം​ഗത്തെത്തിയത്. നടി രേവതി സമ്പത്തായിരുന്നു വീണ്ടും സിദ്ദിഖിനെതിരെ രം​ഗത്തെത്തിയിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ യോഗങ്ങൾ 31ന് ആരംഭിക്കും. സി​നി​മാരംഗത്ത് പ്രവർത്തി​ക്കുന്ന 21 ട്രേഡ് യൂണി​യൻ സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്ക. മൂന്നു സംഘടനകളുടെ വീതം എക്സി​ക്യുട്ടീവ് കമ്മി​റ്റി​കളാണ് ചേരുക.

അതേസമയം സിനിമ കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നവംബറിന്റെ പകുതിയോടെ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിനാണ് നടത്തിപ്പ് ചുമതല. എന്നാൽ, കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

Vijayasree Vijayasree :