ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച് രശ്മികയുടെ വീഡിയോ; വ്യാജ വീഡിയോയ്‌ക്കെതിരെ നിയമ നടപടി വേണമെന്ന് അമിതാഭ് ബച്ചന്‍

കഴിഞ്ഞ ദിവസം രശ്മിക മന്ദാനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.

വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ അന്വേഷിച്ചുതുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണ് ഇതെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ വിശദീകരണവുമായെത്തി.

ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തില്‍ അഭിഷേക് എന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നത്.

നടി രശ്മികയുടെ ഒരു വൈറല്‍ വീഡിയോ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടല്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവീഡിയോ ആണെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഗുഡ്‌ബൈ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് നായകനാവുന്ന തലൈവര്‍ 170 ആണ് അമിതാഭ് ബച്ചന്‍ ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 33 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഈ ചിത്രം. ‘അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ‘അനിമല്‍’ എന്നിവയാണ് രശ്മികയുടേതായി അണിയറയിലൊരുങ്ങുന്ന സിനിമകള്‍.

Vijayasree Vijayasree :