ബേളിവുഡിൽ മാത്രമല്ല അതിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ബോളിവുഡിന്റെ ബിഗ് ബി എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. കഴിഞ്ഞ ദിവസം കൽക്കി സംവിധായകൻ നാഗ് അശ്വിൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഷൂട്ടിങ് വൈകിയതിന് ഇടയിൽ അമിതാഭ് ബച്ചൻ വന്ന് തന്നോട് ബാത്ത്‌റൂമിൽ പോകാനുള്ള അനുവാദം വാങ്ങി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബി.
അത് ലാളിത്യം ഒന്നുമല്ല. വളരെ സാധാരണമായ കാര്യമാണ്. ബാത്ത്‌റൂമിലേയ്ക്ക് പോകുമ്പോൾ ഞാൻ സംവിധായകനോട് അനുവാദം തേടേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ സെറ്റാണ്. അദ്ദേഹത്തിന്റെ സമയമാണ്. അദ്ദേഹമാണ് അവിടത്തെ ക്യാപ്റ്റൻ. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ജോലിക്കാരൻ മാത്രമാണ്.
എനിക്ക് ബാത്ത്‌റൂമിൽ പോകണമെങ്കിൽ അദ്ദേഹത്തോട് അനുവാദം വാങ്ങണം. ചിലപ്പോൾ ലൈറ്റ് നോക്കുന്നതിനോ റിഹേഴ്‌സലിനു വേണ്ടിയോ ഞാനവിടെ നിൽക്കേണ്ടതായി വരും. അദ്ദേഹമാണ് എന്നെ സെറ്റിലേയ്ക്ക് ക്ഷണിച്ചത്. അതിനാൽ അദ്ദേഹം പറയുന്നത് കേൾക്കണം. അതിന് ഞാൻ ബാധ്യസ്ഥനാണ്. ഇതിൽ ഇത്രയും ബഹളം വെയ്ക്കാൻ എന്താണുള്ളത് എന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് നാഗ് അശ്വിൻ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞത്. ഷൂട്ടിങ് കുറച്ച് വൈകി. അതിനിടയിലാണ് അദ്ദേഹം എന്റെ അടുത്തേയ്ക്ക് വരുന്നത്. ഷൂട്ടിങ് വൈകിയതിൽ അദ്ദേഹത്തോട് എന്തെങ്കിലും പറയാൻ ഞാൻ ഒരു കാരണം തേടുകയായിരുന്നു. അപ്പോഴാണ് ഞാൻ വാഷ്‌റൂമിൽ പോയ്‌ക്കോട്ടെ എന്ന് അദ്ദേഹം ചോദിച്ചത്.
അയ്യോ.. എന്നോട് എന്തിനാണ് ചോദിക്കുന്നത് സാർ. സാറിന് ഇഷ്ടമുള്ളത് ചെയ്യാമല്ലോ എന്നാണ് ഞാൻ മറുപടി പറഞ്ഞത് എന്നായിരുന്നു നാഗ് അശ്വിൻ വ്യക്തമാക്കിയത്. പിന്നാലെ ഇത് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. അമിതാഭ് ബച്ചന്റെ ലാളിത്യത്തെ കുറിച്ച് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
അതേസമയം, 2024 ജൂൺ 27നായിരുന്നു കൽക്കി 2898 എഡി തീയേറ്ററുകളിലെത്തിയത്. ആഗോള കളക്ഷനിലും ചിത്രം 1400 കോടി കടന്ന് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടിയിലധികവും സ്വന്തമാക്കി. പ്രഭാസിൻറെ ആദ്യ 1000 കോടി സിനിമയാണ് കൽക്കി 2898 എഡി.
ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിൽ അശ്വദ്ധാമാവ് ആയി ആയിരുന്നു അമിതാഭ് ബച്ചൻ എത്തിയത്.
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.