ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി അമിതാഭ് ബച്ചന്‍. താന്‍ പണമടച്ചെന്നും ബ്ലൂ ടിക്ക് തിരികെ നല്‍കണമെന്നുമാണ് ബച്ചന്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്. താനാണ് യഥാര്‍ത്ഥ അമിതാഭ് ബച്ചനെന്നും ആളുകള്‍ക്ക് അറിയാന്‍ വേണ്ടി അത് തിരികെ വെക്കൂ എന്നും നടന്‍ ട്വീറ്റിലൂടെ പറയുന്നു. ബച്ചന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘അതെ ട്വിറ്റര്‍ സഹോദരാ, ഞാന്‍ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാര്‍ക്ക് അവിടെയുണ്ടോ? ഞാനാണ് യഥാര്‍ഥ അമിതാഭ് ബച്ചന്‍ എന്ന് ആളുകള്‍ക്ക് അറിയാന്‍ വേണ്ടി അത് തിരികെ വെക്കൂ… സഹോദരാ, ഞാന്‍ ഇവിടെതന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാന്‍ കാല്‍മുട്ട് കൂടി മടക്കട്ടെ’ എന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററില്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ വന്നതിനെ തുടര്‍ന്നാണ് വെരിഫിക്കേഷന്‍ നഷ്ടമായത്. ബച്ചനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാന്‍, ആലിയാഭട്ട്, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, തൃഷ, ജയം രവി തുടങ്ങിയവരുടേയും ബ്ലൂ വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടമായിട്ടുണ്ട്.