കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകളിൽ അമിത് ഷായുടെ ചിത്രത്തിന് പകരം വെച്ചത് സംവിധായകനും നടനുമായ സന്താനഭാരതിയുടെ ചിത്രങ്ങൾ. കമൽ ഹാസൻ നായകനായി എത്തിയ ‘ഗുണ’ സിനിമയുടെ സംവിധായകനാണ് സന്താന ഭാരതി.
ഈ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വർത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുൾ മൊഴിയുടെ പേരുമുണ്ട്. എന്നാൽ ഈ പോസ്റ്റർ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും അരുൾമൊഴി പറഞ്ഞു.
ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികൾ ചെയ്തതാണെന്നും അരുൾ മൊഴി പറയുന്നു. പിന്നാലെ വലിയ രീതിയിലുള്ള ആക്ഷേപങ്ങളും ട്രോളുകളുമാണ് നിറയുന്നത്. ബിജെപി പ്രവർത്തകർക്ക് സ്വന്തം നേതാവിനെ പോലും തിരിച്ചറിയാൻ കഴിയുന്നില്ലേ. വല്ലാത്ത കഷ്ടം തന്നെ, ഇത് അമിത് ഷാ കണ്ടോ എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്.
56ാമത് സിഐഎസ്എഫ് റൈസിങ് ഡേയിൽ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നത്. ചിത്രം മാറിയതിനെ തുടർന്ന് ഈ സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ സംവിധായകൻ സന്താനഭാരതി പ്രതികരിച്ചിട്ടില്ല.