ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ സ്വപ്ന ചിത്രത്തിന് ശേഷം അഭിനയം നിർത്തുമെന്ന് ആമിർ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനോട് പ്രതികരിക്കുകയാണ് നടൻ.
മഹാഭാരത് എന്റെ അവസാന സിനിമയായിരിക്കില്ല. ഇപ്പോൾ എന്ത് പറഞ്ഞാലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഏത് സിനിമ ചെയ്താലാകും അതിന് ശേഷം സിനിമയേ ചെയ്യേണ്ട എന്ന് തോന്നുക എന്നാണ് എന്നോട് ചോദിച്ചത്. അങ്ങനൊരു സിനിമ ചെയ്യുകയാണെങ്കിൽ എന്നാണ് ചോദിച്ചത്. ‘ചെയ്യുകയാണെങ്കിൽ’ എന്നതിന് വളരെ പ്രാധാന്യമുണ്ട് എന്നാണ് ആമിർ ഖാൻ പറഞ്ഞത്.
റിലീസ് കാത്തു നിൽക്കുന്ന സിത്താരെ സമീൻ പർ എന്ന ചിത്രത്തിന് ശേഷം താൻ മഹാഭാരതിന്റെ ജോലികളിലേക്ക് കടക്കുമെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു. ജൂൺ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ്. ആമിറിനൊപ്പം ഒരു പറ്റം പുതുമുഖങ്ങളും അണി നിരക്കുന്ന ചിത്രമാണ് ‘സിത്താരെ സമീൻ പർ’.