സിനിമാ റിവ്യൂവില്‍ ഒരു കൈ നോക്കുന്നോ?, 12 സിനിമകള്‍ കണ്ടാല്‍ 1,66,000 രൂപ കൂടെ പോരും; ഓഫറുമായി അമേരിക്കന്‍ കമ്പനി

സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ബ്ലൂംസിബോക്‌സ്. 12 ഹാള്‍മാര്‍ക്ക് ക്രിസ്മസ് സിനിമകള്‍ കണ്ടാല്‍ 2,000 ഡോളര്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. അതായത് ഏകദേശം 1,66,000 രൂപ. വെറുതെ സിനിമകള്‍ കണ്ടാല്‍ മാത്രം പോരെ. അവ കണ്ട് വിലയിരുത്തണം. സിനിമകള്‍ക്ക് റേറ്റിംഗ് നല്‍കി അവയെ തരംതിരിക്കണം. അതാണ് ജോലി.

വെറും 12 ഹോള്‍മാര്‍ക്ക് ക്രിസ്മസ് സിനിമകളാണ് കാണേണ്ടത്. തുടര്‍ന്ന് അവയെ നിലവാരത്തിനനുസരിച്ച് റാങ്ക് ചെയ്യുകയാണ് ജോലി. സിനിമ കാണല്‍ ആണല്ലോ എന്ന് കരുതി ജോലിയെ നിസ്സാരമായി കാണരുത്. കാരണം, 12 സിനിമകള്‍ കണ്ട് വിലയിരുത്തുന്നതിന് കമ്പനി തെരഞ്ഞെടുക്കുന്ന സിനിമ നിരൂപകന് കമ്പനി നല്‍കുന്ന പ്രതിഫലം അത്രയ്ക്കും ഉയര്‍ന്നതാണ്. 1.66 ലക്ഷം രൂപയ്ക്കും മുകളില്‍.

കഴിഞ്ഞില്ല, സിനിമ ഏറ്റവും സുഖകരമായി ആസ്വദിക്കുന്നതിനായി ഗിരാര്‍ഡെല്ലി ഹോട്ട് കൊക്കോയും രണ്ട് ജോഡി ഫസി സോക്‌സും നല്‍കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളെ തേടിക്കൊണ്ട് ബ്ലൂംസിബോക്‌സ് ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന അറിയിപ്പില്‍ പറയുന്നത്. കമ്പനി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള റേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് സിനിമകള്‍ കണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.

ഫെസ്റ്റിവിറ്റി ഫാക്ടര്‍, പ്രെഡിക്റ്റബിലിറ്റി ക്വാട്ടന്റ്, കെമിസ്ട്രി ചെക്ക്, ടിയര്‍ ജെര്‍ക്കര്‍ ടെസ്റ്റ്, റീപ്ലേ വാല്യൂ എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഓരോ സിനിമയും റാങ്ക് ചെയ്യേണ്ടതെന്നും കമ്പനി നിര്‍ദ്ദേശിക്കുന്നു. അതായത് റിവ്യൂവിന്റെ പേരില്‍ എന്തും പറയാന്‍ സാധിക്കില്ല.

ദ മോസ്റ്റ് വണ്ടര്‍ഫുള്‍ ടൈം ഓഫ് ദ ഇയര്‍ (2008), ക്രൗണ്‍ ഫോര്‍ ക്രിസ്മസ് (2015), ദ നൈന്‍ ലൈവ്‌സ് ഓഫ് ക്രിസ്മസ് (2014), ക്രിസ്മസ് ഗെറ്റ് എവേ (2017), ജേര്‍ണി ബാക്ക് ടു ക്രിസ്മസ് (2016), ഗോസ്റ്റ്‌സ് ഓഫ് , ക്രിസ്മസ് ഓള്‍വേസ് (2022), ഫാമിലി ഫോര്‍ ക്രിസ്മസ് (2015), ക്രിസ്മസ് അണ്ടര്‍ റാപ്‌സ് (2014), ത്രീ വൈസ് മെന്‍ ആന്‍ഡ് എ ബേബി (2022), എ റോയല്‍ ക്രിസ്മസ് (2014), നോര്‍ത്ത് പോള്‍ (2014), ദി ക്രിസ്മസ് ട്രെയിന്‍ (2017) എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 12 ഹാള്‍മാര്‍ക്ക് ചിത്രങ്ങള്‍ കണ്ടാണ് ഒന്ന് മുതല്‍ 12 വരെ റാങ്ക് ചെയ്യേണ്ടത്. താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ബ്ലൂംസിബോക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

Vijayasree Vijayasree :