അമീർഖാനെ ഞെട്ടിച്ച കായം കുളം കൊച്ചുണ്ണി; ആരാണ് ആ റോബിൻ ഹുഡ്

ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..”. സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസമായി അമീർഖാന്റെ ഫോട്ടോയോടൊപ്പം പ്രചരിക്കുന്ന സന്ദേശമാണിത്. സന്ദേശം കണ്ടതോടെ നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴിതാ താനങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുകയാണ് ആമിർ ഖാൻ.
“സുഹൃത്തുക്കളെ, ​ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ അത് പൂർണമായും വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ.”..ആമിർ ഫെയ്സ്ബുക്കിൽ കുറിച്ചു. ബോളിവുഡിലെ സൂപ്പര്‍ താരം സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ജീവിതത്തില്‍ കാണിച്ചതെന്നായിരുന്നു പ്രചരിച്ചത്. ഇതിന് പിന്നാലെ അമീര്‍ ഖാനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നു. ടിക്ടോക്കിൽ ആരോ ചെയ്ത വിഡിയോയിലെ സന്ദേശമാണ് ഇത്തരത്തിൽ പ്രചരിച്ചത്.

സമാന്‍ എന്ന യുവാവിന്റെ വീഡിയോയാണ് അമീര്‍ ഖാന് പണി കൊടുത്തിരിക്കുന്നത്. ഫാക്ട് ചെക്കിംഗ് നടത്തുന്ന വെബ്‌സൈറ്റായ ബൂം ലൈവ് ആണ് അമീര്‍ ഖാന്റെ ആട്ടപ്പൊടി കഥ പൊളിച്ച് കയ്യില്‍ തന്നിരിക്കുന്നത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടർന്ന് അത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

വിഡിയോയിൽ യുവാവ് പറയുന്നതിങ്ങനെ:

‘ഒരാള്‍ രാത്രിയില്‍ ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുകയാണെന്ന് പറഞ്ഞു. ഈ രാത്രി സമയത്ത് ആരാണ് ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ. അങ്ങനെ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.’ ഇതാണ് വിഡിയോയിൽ യുവാവ് പറയുന്നത്. ഈ സംഭവമാണ് പിന്നീട് നടന്‍ അമീര്‍ ഖാന്‍ ചെയ്തു എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്.

Fake news about Aamir Khan during lock down Corona Outbreak Covid 19……

Noora T Noora T :