അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര് സ്ത്രീയായി വേഷം കെട്ടി ചമയവിളക്ക് എടുക്കുന്നതില്‍ ഏറെ പ്രസിദ്ധമാണ് കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ഈ അത്യപൂര്‍വ്വ ഉത്സവം. കൊല്ലം ചവറയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്ര സന്നിധിയിലേക്ക് ചമയവിളക്കിനായി പ്രതിവര്‍ഷം നിരവധി ഭക്തര്‍ എത്താറുണ്ട്. ഇത്തവണ പതിവ് തെറ്റിക്കാതെ എത്തിയിരിക്കുകയാണ് അമ്പിളിദേവിയും കുടുംബവും.

മൂത്തമകനും രണ്ടാമത്തെ മകനും ഒരു വയസായപ്പോള്‍ മുതല്‍ ചമയവിളക്ക് എടുക്കുന്നുണ്ടെന്ന് താരം പറയുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കള്‍ക്ക് ചമയവിളക്ക് എടുക്കാന്‍ സാധിക്കാതെ പോയത്. ഇളയമകന് ഇപ്പോള്‍ മൂന്നാം തവണയാണ് വിളക്കെടുക്കുന്നത്.
എവിടെയാണെങ്കിലും എല്ലാ വര്‍ഷവും ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാറുണ്ടെന്നും അമ്പിളിദേവി പറഞ്ഞു. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അമ്പിളി ദേവി. മികച്ച നര്‍ത്തകിയായ താരം കലോത്സവ വേദികളില്‍ നിന്നായിരുന്നു സിനിമയിലെത്തിയത്.
നിലവില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ നേരത്തെ മക്കള്‍ വിളക്കെടുത്തതിന്റെ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.
