വിദ്യാർഥി നൽകിയ ഹർജിയിൽ സംവിധായകനും നിർമാതാക്കൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ശിവകാർത്തികേയൻ നായകനായി എത്തി, സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അമരൻ. ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം സൂപ്പർഹിറ്റായതിന് പിന്നാലെ അമരന്റെ അണിയറപ്രവർത്തകർക്കെതിരെ 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ചത് വാർത്തയായിരുന്നു.

ഇപ്പോഴിതാ വിദ്യാർഥി നൽകിയ ഹർജിയിൽ സംവിധായകനും നിർമാതാക്കൾക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചിരിക്കുകയാണ്. ഡിസംബർ 20-നകം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം. മൊബൈൽ നമ്പർ പുറത്തായതിലൂടെ വിദ്യാർത്ഥിയ്ക്ക് തന്റെ സ്വകാര്യത നഷ്ടപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ടത് തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. എൻജിനിയറിങ് വിദ്യാർത്ഥിയായ വിവി വാഗീശൻ ആണ് നോട്ടീസ് അയച്ചത്. സിനിമയിലെ ഒരു രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത് എന്ന പേരിൽ കാണിച്ചിരിക്കുന്നത് തന്റെ ഫോൺ നമ്പറാണെന്നും സ്ക്രീനിൽ നമ്പർ കണ്ട് പലരും തന്നെ വിളിക്കുന്നതായും ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായുമാണ് വിദ്യാർത്ഥി രം​ഗത്തെത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം വിദ്യാർത്ഥിയോട് മാപ്പ് പറ‍ഞ്ഞ് ചിത്രത്തിൻറെ നിർമാതാക്കളായ രാജ് കമൽ ഫിലിംസ് രം​ഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും രാജ്കമൽ ഫിലിംസ് അറിയിച്ചു.

Vijayasree Vijayasree :