ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി അമല പോള്‍

നിരവധി ആരാധകരുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് താരം. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ കൈതിയുടെ ഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്.

ഭോല എന്നാണ് ചിത്രത്തിന്റെ പേര്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. ദില്ലിയുടെ വേഷത്തില്‍ എത്തുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുറത്ത് വന്ന വിവരങ്ങളില്‍ നിന്നും മനസിലാകുന്നത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസാകും.

അതേസമയം, ദൃശ്യം 2 ആണ് അജയ് ദേവഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് ഖന്ന, തബു, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2019ല്‍ റിലീസ് ചെയ്ത കൈതി സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്.

മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം, ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ‘കൈതി’. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. ‘ദളപതി 67’ന് ശേഷം മാത്രമേ ‘കൈതി 2’ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്നാണ് കാര്‍ത്തി അറിയിച്ചിരിക്കുന്നത്.

Vijayasree Vijayasree :