ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്തത് ഇതായിരുന്നു ; കൊച്ചിയില്‍ അധികമാരും അറിയാത്ത ബീച്ചിനെ കുറിച്ച് അമല പോൾ

അണമുറിയാതെത്തുന്ന തിരമാലകളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽത്തരികളും ആ കാഴ്ച്ചകാണാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രശസ്തമായ ബീച്ചുകൾ സന്ദർശിക്കാത്തവർ ഏറെയുണ്ടാകില്ല. എല്ലാവരും ഇതിനോടകം പോയിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ അധികമാരും അറിയാത്ത ഒരു ബീച്ചുണ്ട് നമ്മുടെ എറണാകുളത്ത്. ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ ബീച്ച്. ബീച്ചിൽ ഈയിടെ അമലാപോളും എത്തിയിരുന്നു. ഈ ബീച്ചിന്റെ സൗന്ദര്യത്തില്‍ താരവും മയങ്ങിയെന്നുറപ്പ് . കൂട്ടുകാര്‍ക്കൊപ്പം മണ്ണുവാരിയെറിഞ്ഞും തിരമാലകളുടെമേൽ ചാടിത്തിമിര്‍ത്തും ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.

”ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ചലനസ്വാതന്ത്ര്യത്തിന്‍റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല. നിങ്ങൾക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക. നിങ്ങളുടെ അവകാശങ്ങൾ അറിയുക!” സ്വാതന്ത്യ്രദിനത്തില്‍ പങ്കുവച്ച വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അമല ഇങ്ങനെ എഴുതി.

നീന്തല്‍ ഇഷ്ടമുള്ള സഞ്ചാരികള്‍ക്ക് കുഴുപ്പള്ളി ബീച്ച് എന്നാല്‍ പറുദീസയാണ്. പഞ്ചാരമണല്‍ നിറഞ്ഞ തീരവും. സമീപത്തുള്ള കായലുകളും പോകുന്ന വഴിയിലെ നെൽവയലുകളും തെങ്ങിൻ തോപ്പുകളുമെല്ലാം മനംമയക്കുന്ന കാഴ്ച്ചയാണ് . സമാധാനമായി അല്‍പ്പം വിശ്രമിക്കാന്‍ പറ്റുന്ന ഒരിടം കൂടിയാണ് കുഴുപ്പള്ളി. കാറ്റിനോട് കിന്നാരം പറഞ്ഞു തലയാട്ടി വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങളും ശാന്തമായ കടലും ഇവിടുത്തെ പ്രത്യേകതകളാണ് . കുടുംബസമേതം സമയം ചെലവഴിക്കാൻ സാധിക്കുന്ന നല്ല ഒരു സ്ഥലമാണ് കുഴുപ്പിള്ളി ബീച്ച്.

Noora T Noora T :