വനയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിലാണ് കേരളക്കര. വയനാടിന് സഹായസഹ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് സംവിധായകൻ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനിയായ അമൽ നീരദ് പ്രൊഡക്ഷൻസ്.
കമ്പനി പാർട്ണർ ജ്യോതിർമയിയാണ് എറണാകുളം ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറിയത്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും നൽകിയിരുന്നു.
മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയും, ജോജു ജോർജ് 5 ലക്ഷം രൂപയും, തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും, രാം ചരണും ചേർന്ന് 1 കോടി രൂപയും അല്ലു അർജുൻ 25 ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയുമടക്കം നിരവധി പേരാണ് തുക കൈമാറിയത്.
ഉരുൾപൊട്ടലിൽ തിരച്ചിൽ എട്ടാം ദിനത്തിലേയ്ക്കെത്തിയിരിക്കുകയാണ്. ഇതുവരെ 400 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം ഇന്നലേയും പുത്തുമലയിൽ കൂട്ടമായി സംസ്‌കരിച്ചിരുന്നു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ്‌സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു കൂട്ടസംസ്‌കാരം നടത്തിയത്.