പുഷ്പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം, സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു!

മലയാളക്കരയിൽ വരെ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ താരത്തെ ആരാധകർ എത്രോളം ഏറ്റെടുത്തുകഴിഞ്ഞു എന്ന് നമുക്ക് മനസിലാകും.അല്ലുവിന്റെ കഠിനാധ്വാനവും വേറിട്ടുനിൽക്കുന്ന ഫാഷനുമാണ് സിനിമാ മേഖലയിൽ അദ്ദേഹത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റുന്നത്. ബണ്ണി, മല്ലു അർജുൻ എന്നീ പേരുകളിലും അല്ലു അർജുൻ അറിയപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം നടന്നുവെന്നാണ് വാർത്തകൾ. പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് നടന്റെ വീട് ആക്രമിച്ചത്. ​​ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ​ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി.

ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

രേവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. രേവതിയുടെ എട്ട് വയസുകാരനായ മകൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ നാലിനാണ് സംഭവം നടക്കുന്നത്. ഹെെദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 വിന്റെ റിലീസിനോടനുബന്ധിച്ച് എത്തിയതായിരുന്നു അല്ലു അർജുൻ.

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു. മകന് ​ഗുരുതരമായി പരിക്കേറ്റു. പൊലീസ് മുന്നറിയിപ്പ് അല്ലു അർജുൻ അവ​ഗണിച്ചെന്നാണ് തെലങ്കാന സർക്കാർ ആരോപിക്കുന്നത്. യുവതി മരിച്ചെന്ന് കേട്ടപ്പോൾ സിനിമ ഹിറ്റാകുമെന്ന് നടൻ ചിരിയോടെ പറഞ്ഞെന്ന് താനറിഞ്ഞതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം ആരോപിച്ചു. എന്നാൽ ആരോപണം അല്ലു അർജുൻ നിഷേധിച്ചു.

ഹൈദരാബാദിലുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല. പ്രീമിയർ ഷോയ്ക്ക് വേണ്ടി തിയേറ്ററുകളിൽ പോകുന്നത് കഴിഞ്ഞ 20 വർഷമായി ഞാൻ തുടരുന്ന കാര്യമാണ്.

സന്ധ്യ തിയറ്ററിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷേ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തിയറ്റർ മാനേജ്‌മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാൻ പകുതി വഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും മണിക്കൂറുകൾ വേണ്ടിവന്നു.

മാനസികമായി ആകെ തകർന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകൻ സുകുമാർ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊർജവും ഇല്ലാതായി. പൂർണമായും തകർന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാൻ പോലും സാധിക്കാതിരുന്നതെന്നാണ് നടൻ പറഞ്ഞത്. മാത്രമല്ല, രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 25 ലക്ഷം രൂപ സഹായധനം നൽകുമെന്നും അറിയിച്ചിരുന്നു.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു.

Vijayasree Vijayasree :