അല്ലു അർജുന്റെ പുഷ്പ 2 ന്റെ പ്രീമിയർ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് കോടതി ജനുവരി 3 ന് വീണ്ടും പരിഗണിക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് അല്ലു. ജാമ്യ ഹർജിയിൽ ഡിസംബർ 27 ന് താരം ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു.
പ്രതിഭാഗം അഭിഭാഷകന്റെയും എതിർ ഹർജി സമർപ്പിച്ച പൊലീസിന്റെയും വാദം കേട്ടശേഷമാണ് അഡിഷണൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി ഹർജി വിധിപറയാൻ മാറ്റിയത്.
കേസിൽ ഡിസംബർ 13 ന് അറസ്റ്റിലായ താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു. എന്നാൽ പിന്നീട് താരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
അതിനിടയിൽപ്പെട്ടാണ് രേവതി എന്ന സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.