അല്ലു അർജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോ; യൂട്യൂബ് ചാനൽ ഉടമയെകൊണ്ട് മാപ്പ് പറയിച്ച് അല്ലു അർജുൻ ഫാൻസ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ അല്ലു അർജുന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അല്ലു അർജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോ നിർമിച്ചെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരേ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ.

ഹൈദരാബാദിലെ റെഡ് ടിവിയെന്ന യുട്യൂബ് ചാനലിനെതിരേയാണ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. അല്ലു അർജുനെതിരേ മോശം വീഡിയോ ചെയ്തുവെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രതിഷേധവുമായി രം​ഗത്തെത്തിയ ഇവർ യൂട്യൂബ് ചാനൽ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

പിന്നാലെ വീഡിയോ എഡിറ്ററെകൊണ്ട് വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങൾ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ എക്‌സിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങളോട് ഇനിയുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇപ്പോൾ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിന്നാലെ സംഭവത്തെ പിന്തുണച്ച് കൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഡിസംബർ അഞ്ചിനാണ് പുഷ്പ 2വിന്റെ റിലീസ്. നവംബർ 17 ന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുമെന്നും അണയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.

‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്.

Vijayasree Vijayasree :