നടനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു

നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി(72) അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എം.ജി സോമന്‍, ബ്രഹ്മാനന്ദന്‍ എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്‌സിലൂടെയാണ് ബെന്നി നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

അഞ്ഞൂറോളം നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തി ഗാനങ്ങളുള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.1996ല്‍ നാടകം കഴിഞ്ഞ് വരവെ നാടകവണ്ടി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെന്നിക്ക് കാല് നഷ്ടപ്പെട്ടിരുന്നു. പാല മരിയന്‍ സദനത്തിലെ ബെന്നിയുടെ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളും മുമ്പ് എത്തിയിരുന്നു.

ആലപ്പുഴ തൈപ്പറമ്പില്‍ കപ്പല്‍ ജീവനക്കാരനായ റോബര്‍ട്ടിന്റെയും ജൈനമ്മയുടെയും ആറാമത്തെ മകനായാണ് ജനനം. ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ 10ാം ക്ലാസ് ജയിച്ച ശേഷം കളപ്പുര ചെല്ലപ്പന്‍ ഭാഗവതരുടെ ശിക്ഷണത്തില്‍ സംഗീതം പഠിച്ചുകൊണ്ടിരുന്ന ബെന്നിയെ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ ആണ് ആലപ്പി തിയറ്റേഴ്‌സിന്റെ ‘മുപ്പതു വെള്ളിക്കാശ്’ എന്ന നാടകത്തില്‍ പാടിക്കാന്‍ ശുപാര്‍ശ ചെയ്തത്.

അന്ന് 19 വയസ്സായിരുന്നു പ്രായം. പത്തു കല്‍പന, ഏബ്രഹാമിന്റെ മകന്‍, ദാവൂദും ഗോലിയാത്തും, ബെന്‍ഹര്‍, ഏഴാം സ്വര്‍ഗം തുടങ്ങിയ നാടകങ്ങളില്‍ സംഗീതം നല്‍കുകയും പാടുകയും ഹാര്‍മോണിയം വായിക്കുകയും ചെയ്തു. 10 വര്‍ഷത്തിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലായ ബെന്നി, കൊല്ലത്ത് ജവാഹര്‍ ബാലഭവനില്‍ 5 വര്‍ഷം സംഗീതാധ്യാപകനായി.

കൊല്ലം യൂണിവേഴ്‌സല്‍ തിയറ്റേഴ്‌സില്‍ കുഞ്ഞാലിമരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള നാടകങ്ങളില്‍ എം.എസ്.ബാബുരാജിനൊപ്പം ഹാര്‍മോണിയം വായിക്കുകയും പാടുകയും ചെയ്തു. ഈ സമയത്താണ് നാടകാഭിനയത്തിലേക്കു തിരിഞ്ഞത്.

Vijayasree Vijayasree :