പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല ഹരി ഉപയോഗിച്ച് വിൻസിയോട് അപമര്യാദയായി പെരുമാറിയ വിഷയം നിസാരവൽക്കരിച്ചതിനെതിരെയായിരുന്നു പലരും രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചുവെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഏത് അസന്നിഗ്ദ്ധ ഘട്ടത്തിലും അവസാന പിടിവള്ളിക്കു വേണ്ടിയാണെങ്കിൽപോലും നമ്മുടെ ഉള്ളിലുള്ള സ്വാഭാവിക നന്മകളൊന്നും ബലി കൊടുക്കാനേ പാടില്ല.
പിന്നെ ജീവിതത്തിന് എന്ത് തനിമയാണുള്ളത്. ഈ ജീവിതം കൊണ്ട് എന്ത് അർഥമാണുള്ളത്. നമ്മൾ എന്ത് സന്ദേശമാണ് കൂടെയുള്ളവർക്കും സമൂഹത്തിനും നൽകുന്നത്. നടി മാലാ പാർവതി പലപ്പോഴും നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകളെക്കുറിച്ച് നമുക്കൊന്ന് വിശകലനം ചെയ്യാം. ചാനലുകളിലൂടെയാണ് മാലാ പാർവതിയെ പൊതുസമൂഹം കണ്ടുതുടങ്ങിയത്.
അന്ന് അവർ നടത്തിയിട്ടുള്ള പല അഭിമുഖങ്ങളിലും പക്വതയുള്ള ചോദ്യകർത്താവിനെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. നല്ല നിലവാരമുള്ള സംസാരവും ഭംഗിയുള്ള മുഖവും ആരെയും ആകർഷിക്കുന്നതായിരുന്നു. നാടകത്തിലൂടെ അഭിനയത്തിൽ കടന്നുവന്ന അവർ സിനിമയിലും സ്ഥാനം ഉറപ്പിച്ചു.
പൊതുസമൂഹത്തിൽ നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിൽ നീതിയുടെ പക്ഷത്തുനിന്ന് അവർ പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവരുടെ രാഷ്ട്രീയമൊന്നും നോക്കാതെ മറുപക്ഷത്തുള്ളവർപോലും അവരുടെ അഭിപ്രായത്തിനു വില കൽപിച്ചിട്ടുണ്ട്. അന്നുവരെ ഒരു പൊതുജനസമ്മതയായാണ് കണ്ടിരുന്നത്.
ആ സഹോദരിയുടെ സാമൂഹ്യവിഷയങ്ങളോടുള്ള നിലപാടുകളോട് എനിക്കും സ്നേഹവും ബഹുമാനവുമൊക്കെ തോന്നിയിരുന്നു. എന്നാൽ ജനങ്ങൾ നൽകിയ ആദരവും സ്നേഹവും പൊതുജന സ്വീകാര്യതയും നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതിന്റെ പ്രധാന കാരണം മെല്ലെ മെല്ലെ അവരുടെ നിലപാടുകളിൽ ഉണ്ടായ ചാഞ്ചാട്ടമാണ്.
സമൂഹത്തിൽ നല്ല അഭിപ്രായവും പേരും നേടിയെടുക്കാൻ ഒരു ജന്മം തന്നെ പോരാതെ വരും. എന്നാൽ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപേര് കളഞ്ഞുകുളിക്കാൻ നിമിഷനേരം മതി. മാലാ പാർവതിയോട് ഇഷ്ടം വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. കുമാരനാശാനുമായുള്ള മാലാ പാർവതിയുടെ കുടുംബത്തോടുള്ള ബന്ധം.
ആശാനോടുള്ള സ്നേഹാദരങ്ങളോടുള്ള അംശം ഇവർക്കും പകർന്നു കിട്ടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവരുടെ സ്ഥിതി പറയുവാൻ വിഷമമുണ്ട്. എങ്കിലും പറഞ്ഞുപോകുന്നു. പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചു എന്നു പറയാതെ വയ്യ. ഷൈൻ ടോം ചാക്കോ വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി മാലാ പാർവതിക്കെതിരെ നടത്തിയ രൂക്ഷമായ വിമർശനം അതിനൊരുദാഹരണം മാത്രമാണ്.
നടിയുടെ നിലപാട് ഓർത്ത് നാണക്കേട് തോന്നുന്നുവെന്നാണ് രഞ്ജിനി പ്രതികരിച്ചത്. ഏതു വിഷയമെടുത്താലും സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് രഞ്ജിനി. നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്നും അവർ പലപ്പോഴും അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്, അത് പൊതുസമൂഹം അംഗീകരിക്കാറുമുണ്ട്. ഇതേ വിഷയത്തിൽ ഭാഗ്യലക്ഷ്മി പറയുന്നത്, പാർവതിയോട് പുച്ഛം തോന്നുന്നുവെന്നാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി നീതിക്കു നിരക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കുക മാലാ പാർവതിയുടെ സ്ഥിരം പ്രവണതായി മാറിയിട്ടുണ്ട്. അതിൽ പുതിയ വിവാദമാണ് ഷൈൻ ടോം ചാക്കോയുടെ ല ഹരികേസ്. ഷൈനിനെ വെള്ളപൂശാൻ നടത്തിയ ശ്രമം ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായി.
ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം ഷൈനിനും ഗുണം ചെയ്തില്ല, അവർക്കും അപമാനമുണ്ടാകാൻ കാരണമായി. ഷൈൻ ല ഹരി ഉപയോഗിച്ച് വിൻസിയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇവർ നിസാരവത്കരിച്ചു. ഷൈൻ അച്ചടക്കമുളള നടനാണ്, ബ്ലൗസ് ഒന്നു ശരിയാക്കാൻ ഞാൻ കൂടെ വരട്ടെ എന്ന ചോദ്യം ഇത്ര വലിയ പ്രശ്നമാക്കണോ എന്നായിരുന്നു മാലാ പാർവതിയുടെ നിലപാട്.
ഒരു തമിഴ് സിനിമയിൽ നടനിൽ നിന്നുമുണ്ടായ ദുരനുഭവം മൂലം ഒരുപാട് കരഞ്ഞ ആളാണ് ഇവർ. ഇതുപോലെ വിൻ സിയും രാത്രിമുഴുവൻ കരഞ്ഞ് തീർത്തിട്ട് പിറ്റേന്നുവന്ന് മിണ്ടാതെ വന്ന് അഭിനയിച്ചിട്ടു പോകണോ എന്നാണോ പാർവതി ഉദ്ദേശിച്ചതെന്ന് അറിയില്ല, ഇതാണ് മാലാ പാർവതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല.
പാർവതി ഇപ്പോൾ ചോദിക്കുന്നു, വിൻ സി. അപ്പോൾ തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ല. അന്ന് പാർവതിയുടെ ശരീരത്തിൽ അയാൾ മോശമായി സ്പർശിച്ചപ്പോൾ എന്തുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല. അങ്ങനെ പ്രതികരിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ തീരുമാനമുണ്ടായേനെ. പണ്ട് ബസിൽവച്ച് ഉണ്ടായ മോശമായ അനുഭവത്തിലും പ്രതികരിച്ചില്ല.
ഇപ്പോൾ പറയുന്നു, ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ താൻ കോമഡിയായാണ് എടുക്കാറുള്ളതെന്ന്. സ്ത്രീപക്ഷക്കാരിയാണെന്ന് സ്വയം ഊറ്റംക്കൊള്ളുന്ന ഒരാളിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായതെന്ന് ഓർക്കണം. മാലാ പാർവതിയോട് ഒന്ന് ചോദിക്കട്ടെ, മോശമായ സ്പർശനവും, ദ്വയാർഥ പ്രയോഗങ്ങളും വൃത്തികെട്ട പദ പ്രയോഗങ്ങളുമൊക്കെ കോമഡിയായി എടുത്താൽ മതിയെന്നാണോ നടി ഉദ്ദേശിക്കുന്നത്.
ഇവരുടെ മറ്റൊരു നിലപാടില്ലായ്മയെക്കുറിച്ചും പറയാം. ഹേമ കമ്മിറ്റിയിൽപോയി മൊഴി കൊടുക്കുകയും പലരെയും കൊണ്ട് മൊഴികൊടുപ്പിക്കുകയും ചെയ്തിരുന്നു. അത് പുറത്തുവന്നപ്പോൾ നല്ല കാര്യമാണ് സർക്കാർ ചെയ്തതെന്നും അനുഭവങ്ങൾ തുറന്നു പറയുന്നവരെ അഭിനന്ദിക്കുന്നുവെന്നും നടി പറയുകയുണ്ടായി.
ഇതൊക്കെ ചെയ്ത ശേഷം എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവർ മലക്കം മറിഞ്ഞു. സുപ്രീം കോടതിയിൽപോയി റിപ്പോർട്ടിന്മേൽ കേസെടുക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഇതു വേട്ടക്കാരെ സഹായിക്കാൻ വേണ്ടിയാണെന്ന് ആരെങ്കിലും ധരിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
സിനിമയിൽ അവർ കടന്നുവന്നതിനുശേഷം അവരുടെ നിലപാടുകൾ മാറ്റിവച്ച് നിലനിൽപ്പിനു വേണ്ടി പൊരുതുകയാണ്. ഒരുകാര്യം ഓർമിപ്പിക്കാം. പണത്തിനും പ്രശസ്തിക്കും നിലനിൽപ്പിനും വേണ്ടി നിങ്ങൾ നിങ്ങളുടെ ആദർശങ്ങളെ പണയപ്പെടുത്തിയത് ഉചിതമാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.
ഞാൻ ഈ വിഷയത്തെക്കുറിച്ച് കുമാരനാശന്റെ ചില ചെറുമക്കളുമായി സംസാരിച്ചു. അവർക്കെല്ലാം മാലാ പാർവതിയുടെ ഈ അഭിപ്രായത്തോട് കടുത്ത വിയോജിപ്പാണുള്ളത്. ഇത് ആശാന്റെ ആദർശങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുന്നതിൽ, അവരുടെ ജീവിതസാഹചര്യങ്ങൾക്ക് തീർച്ചയായും പങ്കുണ്ടെന്ന് മനസ്സിലാക്കാൻ സൈക്കോളജിയൊന്നും പഠിക്കേണ്ട.
മകനുണ്ടാക്കിയ മാനക്കേട് ഞാനിവിടെ പറയാത്തത് ഒരമ്മ മനസ്സിനെ വേദനിപ്പിക്കേണ്ട എന്നോർത്താണ്. അതിനുശേഷമാണ് ഇത്തരം കേസുകളിൽ ഒരു ലളിതവത്കരണം വന്നതെന്ന് സാധാരക്കാർക്കുപോലും മനസ്സിലാകും. ഒരുകാലത്ത് എല്ലാവരും പുകഴ്ത്തിപ്പാടിയിരുന്ന സഹോദരി, ഇന്നൊരു വീണ പൂവാണ്.
ഇനിയും നീതിപൂർവമായ നിലപാടുകളിൽ ഉറച്ചുനിന്നാൽ അവർക്കൊരു വാടാ മലരാകാൻ പറ്റും. പൂവിൽ തേനുണ്ടെന്നു കരുതി കായ മധുരിക്കണമെന്നില്ല, ചില മനുഷ്യരും അങ്ങനെയാണ്. ജീവിതത്തിൽ സന്ദർഭങ്ങളും സാഹചര്യങ്ങളും മാറിക്കൊണ്ടേയിരിക്കും. മാറ്റങ്ങൾക്കിടയിലും മാറാതിരിക്കേണ്ടത് നമ്മളാണ്. മാറ്റിനിർത്തപ്പെടാതിരിക്കാൻ നോക്കേണ്ടതും നമ്മളാണ് എന്നും ആലപ്പി അഷ്റഫ് പറയുന്നു.