കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ‘സർഫിര’യും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം. ഓപ്പണിങ് ദിനത്തിൽ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസിൽ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. 350 കോടി മുതൽ മുടക്കിൽ എത്തിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ എന്ന ചിത്രവും വൻ പരാജയമായിരുന്നു.
ആദ്യ ദിനം 16 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആകെ കളക്ഷൻ. പിന്നാലെ സിനിമയുടെ നിർമ്മാതാവ് കടക്കെണിയിൽ ആവുകയും ചെയ്തിരുന്നു. അണിയറപ്രവർത്തകർക്കും അക്ഷയ്കുമാറിനുമുൾപ്പെടെ നിരവധി പേർക്ക് നിര്മാതാവ് പൈസ കൊടുക്കാനുണ്ടായിരുന്നു.
എന്നാൽ തന്റെ പൈസ ഉടൻ വേണ്ടെന്നും കടങ്ങൾ വീട്ടിയതിന് ശേഷം മതിയെന്നും താരം അറിയിക്കുകയായിരുന്നു. തിയേറ്ററുകളിൽ ദുരന്തങ്ങളായി മാറിയ ‘മിഷൻ റാണിഗഞ്ജ്’ 2.8 കോടിയും ‘സെൽഫി’ 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു. കോവിഡ് സമയത്തിറങ്ങിയ ‘ബെൽബോട്ടം’ എന്ന സിനിമയ്ക്ക് പോലും 2.7 കോടി ലഭിച്ചിരുന്നു. എന്നാൽ സർഫിരയ്ക്ക് വെറും 2 കോടി രൂപ മാത്രമാണ് നേടാനായിട്ടുള്ളത്.
2019ൽ റിലീസ് ചെയ്ത ‘ഹൗസ്ഫുൾ 4’ ആയിരുന്നു അക്ഷയ്യുടെ അവസാനത്തെ ഹിറ്റ് ചിത്രം. ‘ഗുഡ് ന്യൂസ്’, ‘ലക്ഷ്മി’, ‘ബെൽബോട്ടം’, ‘അത്രങ്കി രേ’, ‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധൻ’, ‘കട്ട്പുത്‌ലി’, ‘രാംസേതു’, ‘സെൽഫി’, ‘മിഷൻ റാണിഗഞ്ജ്’ എന്നീ സിനിമകൾ ഫ്‌ളോപ്പ് ആയിരുന്നു. ‘സൂര്യവൻശി’, ‘ഒഎംജി 2’ എന്നിവ ആവറേജ് ഹിറ്റ് ആയി മാറിയിരുന്നു.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂററൈ പോട്ര്’. 2020-ലാണ് സൂററൈ പോട്ര് എത്തിയത്. കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു. മികച്ച നടൻ, ചിത്രം, നടി ഉൾപ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.