മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയമകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും ഇന്ന് വിവാഹിതരാവുകയാണ്. സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സാക്ഷ്യം വഹിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളാണ് നടന്നത്.
നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമുൾപ്പെടെ പങ്കെടുത്ത വമ്പൻ ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പങ്കെടുക്കില്ലെന്നാണ് വിവരം. താരത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ സാർഫിറയുടെ പ്രൊഡക്ഷൻ കമ്പനിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.
സിനിമയുടെ അവസാനഘട്ട പ്രചാരണ പരിപാടികളിലും അക്ഷയ് കുമാർ പങ്കെടുക്കില്ലെന്നും വിവരമുണ്ട്. സുരറൈ പോട്രുവിന്റെ ഹിന്ദി റീമേക്കായ സാർഫിറയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് അക്ഷയ് കുമാറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സിനിമയുടെ തുടർന്നുള്ള പ്രചാരണപരിപാടികളിലും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിലും അക്ഷയ് കുമാർ പങ്കെടുക്കില്ല. ആനന്ദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തത് ദുഃഖകരമാണെങ്കിലും ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ കോവിഡ് സ്ഥിരീകരിച്ചയുടൻ അക്ഷയ് ഐസോലേഷനിലേക്ക് പോവുകയായിരുന്നുവെന്നും പ്രൊഡക്ഷൻ കമ്പനി അറിയിച്ചു.
ഇന്ന് മുംബൈ ബാന്ദ്ര കുർളയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ‘ശുഭ വിവാഹം’ നടക്കുക. നാളെ നടക്കുന്ന ‘ശുഭ ആശീർവാദി’ൽ അതിഥികൾ പങ്കെടുക്കും. 14നാണ് ‘മംഗൾ ഉത്സവ്’ മഹാവിരുന്ന്. അംബാനിമാരുടെ സ്വന്തം നാടായ ജാംനഗറിൽ നാലു മാസം മുമ്പാണ് പ്രീവെഡിങ് ആഘോഷം നടന്നത്. മാർക്ക് സുക്കർബർഗ് അടക്കം വി.വി.ഐ.പികൾ പങ്കെടുത്തിരുന്നു.
ജൂണിൽ അതിഥികളെയെല്ലാം ക്രൂസ് ഷിപ്പിൽ കൊണ്ടുപോയി കടലിലായിരുന്നു അടുത്ത ഘട്ടത്തിലെ വിവാഹാഘോഷം. റോം, കാൻ തുടങ്ങിയ തീരങ്ങളിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പൽ താരസമ്പന്നമായിരുന്നു.
നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്കിലെ റിപ്പോർട്ടിൽ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂവെന്നുമാണ് കണക്കുകൾ.
ആനന്ദിനേയും രാധികയേയും ആശീർവദിക്കാൻ താരരോലത്തെ നിരവധിപേരാണെത്തുന്നത്. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരൺ, മുൻ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ഇതിനകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിവാഹചടങ്ങുകൾക്കാണ് ഒരുക്കമായിരിക്കുന്നത്. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത് മുംബൈയിലെ ഹോട്ടലിൽ വന്നയുടൻ ഇരുവരെയും പരമ്പരാഗത രീതിയിൽ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.