ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ബള്‍ബ്…!; അക്ഷയ് കുമാര്‍ ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയ

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന മറാഠി ചിത്രമാണ് ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’. താരം നായകനാകുന്ന ആദ്യ മറാഠി ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. പിന്നാലെ നടന്‍ പങ്കുവച്ച വീഡിയോ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊട്ടാരത്തിലൂടെ നടന്നുവരുന്ന ശിവജി ആണ് നടന്‍ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്. വീഡിയോ അവസാനത്തോട് അടുക്കുമ്പോള്‍ കൊട്ടാരത്തിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടക്കുന്ന ലൈറ്റില്‍ നിറയെ ബള്‍ബുകള്‍ കാണാം.

ശിവജി മഹാരാജിന്റെ ഭരണകാലം 1678 മുതല്‍ 1680 വരെയാണെന്നും തോമസ് എഡിസണ്‍ ബള്‍ബ് കണ്ടുപിടിക്കുന്നത് 1880ല്‍ മാത്രമാണെന്നും ചൂണ്ടിക്കാണിക്കുകയാണ് പ്രേക്ഷകര്‍.

അതേസമയം ‘തന്‍ഹാജി’ എന്ന ചിത്രത്തില്‍ ശരത് കെല്‍ക്കര്‍ ശിവജിയായി അഭിനയിച്ചതും കഥാപാത്രത്തോട് നീതിപുലര്‍ത്തിയതായും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. അക്ഷയ് കുമാര്‍ ചിത്രം പുറത്തുവരുമ്പോള്‍ തന്‍ഹാജിയുമായി താരതമ്യപ്പെടാന്‍ സാധ്യത ഏറെയാണ്. 2023 ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി.

Vijayasree Vijayasree :