നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹാജി അലി ദർഗയുടെ നവീകരണത്തിന് 1.21 കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് അദ്ദേഹം.
അക്ഷയ് കുമാർ ദർഗ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചാദർ ധരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തലയിൽ വെള്ള തൂവാലധരിച്ച് നഗ്നപാദനായി ദർഗയിൽ പ്രാർഥിക്കുന്ന അക്ഷയ് കുമാറിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
ദർഗയുടെ ഒരുഭാഗം നവീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം അക്ഷയ് കുമാർ ഏറ്റെടുത്തതായും അദ്ദേഹം ദർഗയിലേക്ക് ചാദർ വാഗ്ദാനം ചെയ്തതായും ഹാജി അലി ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അഹമ്മദ് താഹർ അറിയിച്ചു. സയ്യിദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം ഉൾക്കൊള്ളുന്ന ഹാജി അലി ദർഗ ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ ഘടനകളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്.
പുതിയ ചിത്രമായ ഖേൽ ഖേൽ മേൻ ഈ മാസം റിലീസിനൊരുങ്ങവെയാണ് താരത്തിന്റെ സന്ദർശനം. ഖേൽ ഖേൽ മേൻ ഈ മാസം 15 നാണ് റിലീസ് ആവുന്നത്. തപ്‌സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ഫർദീൻ ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസർ അസീസ് ആണ്.