ഷൂട്ടിങ്ങിനിടെ നടൻ അക്ഷയ്കുമാറിന് പരിക്ക്

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ നടന് പരിക്കേറ്റുവെന്നാണ് വിവരം. അക്ഷയ് കുമാറിന്റെ കണ്ണിന് ആണ് പരിക്കേറ്റിരിക്കുന്നത്. ഹൗസ്ഫുൾ 5 എന്ന ചിത്രത്തിനിടെയായിരുന്നു പരിക്ക് സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. അക്ഷയ്‌ കുമാറിന്റെ കണ്ണിൽ ഒരു വസ്തു തട്ടുകയായിരുന്നു.

ഉടൻ തന്നെ താരം നേത്ര രോഗ ഡോക്ടറെ കാണുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ താരത്തിനേറ്റ പരിക്ക് ​ഗുരുതരമല്ലെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നുമാണ് വിവരം. പരിക്ക് ഭേദമായാൽ ഉടൻ തന്നെ അക്ഷയ്‌ കുമാർ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ തിരികെ വരും. ചിത്രത്തിന്റെ അവസാന ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷം ആദ്യം യൂറോപ്പിലാണ് ഹൗസ്ഫുൾ 5ന്റെ ചിത്രീകരണം തുടങ്ങിയത്.

തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജൂൺ 6 ന് റിലീസ് ചെയ്യും.അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ് എന്നിവരും ഹൗസ്ഫുൾ 5 ൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.കൂടാതെ സഞ്ജയ് ദത്ത്, ഫർദീൻ ഖാൻ, ഡിനോ മോറിയ, ജോണി ലെവൽ, നാനാ പടേക്കർ, സോനം ബജ്‌വ, ചിത്രാംഗദ സിങ്, സൗന്ദര്യ ശർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സമീപകാലത്തെ അക്ഷയ് കുമാർ സിനിമകൾക്കൊന്നും തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’, ‘മിഷൻ റാണിഗഞ്ച്’, ‘സെൽഫി’, ‘രാം സേതു’, ‘സർഫിര’ തുടങ്ങിയ നടന്റെ അവസാന റിലീസുകളെല്ലാം വലിയ പരാജയങ്ങളായിരുന്നു. ആരാധകർ വലിയ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അക്ഷയ് കുമാർ തന്നെയാണ് സിനിമയുടെ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭൂത് ബം​ഗ്ലാ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്.

Vijayasree Vijayasree :