അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽ‌കാൻ ഒരു കോടി രൂപ സംഭാവന നൽകി അക്ഷയ് കുമാർ; പ്രത്യേക ഫീഡിംഗ് വാഹനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കും!

ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളിൽ കഴിയുന്ന കുരങ്ങുകൾക്ക് ഭക്ഷണം നൽ‌കാൻ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് നടൻ.

ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിൻ്റെ കീഴിലുള്ള ആഞ്ജനേയ സേവ ട്രസ്റ്റിന് ആണ് പണം കൈമാറി‌യത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നൽകിയത്. പ്രത്യേക ഫീഡിംഗ് വാഹനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചായിരിക്കും വാനരസേനയ്‌ക്ക് ഭക്ഷണം നൽകുക.

വാനരന്മാർക്ക് മുടങ്ങാതെ ഭക്ഷണം നൽകണമെന്ന നിർദേശവും അക്ഷയ് കുമാർ നൽകിയതായി ആഞ്ജനേയ സേവ ട്രസ്റ്റ് സ്ഥാപക പ്രിയ ​ഗുപ്ത അറിയിച്ചു. അയോധ്യയിലെ പൗരന്മാരെയും നഗരത്തെയും കുറിച്ചും അദ്ദേഹത്തിന് ശ്രദ്ധയുണ്ടെന്നും അതുകൊണ്ട് തന്നെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ പ്രദേശവാസികൾക്ക് ഒന്നും അസൗകര്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും പ്രിയ ഗുപ്ത പറഞ്ഞു.

രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാൻ്റെ വീര സൈന്യത്തിൻ്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം.

ഈ വാനരക്കൂട്ടം ഇപ്പോൾ ക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ചതിന്‌ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. അതിലാനാണ് ഇവിടുത്തെ വാനരന്മാർക്ക് ദൈനംദിന ഭക്ഷണം ഉറപ്പ് വരുത്താൻ ഒരു കോടി രൂപ നടൻ സംഭാവന ചെയ്തത്.

Vijayasree Vijayasree :