ഡ്രാഗണ്‍ ബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു

ലോകമെമ്പാടുമ്പുള്ള ആരാധകരെ പ്രായഭേദമന്യേ ചിരിപ്പിച്ച ഡ്രാഗണ്‍ ബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. 68ാം വയസിലായിരുന്നു ജപ്പാന്‍ കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ ജനപ്രിയനായ അകിരയുടെ വിയോഗം.

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഡ്രാഗണ്‍ബോളിന്റെ എക്‌സ് പേജിലൂടെയാണ് വിയോഗ വാര്‍ത്ത അവര്‍ സ്ഥിരീകരിച്ചത്. നിരവധി ആരാധകര്‍ അകിരയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇതിഹാസമെന്നാണ് പലരം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1984ലാണ് ഡ്രാഗണ്‍ ബോള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. കൗതുകവും കോമഡിയും എന്നതിലുപരി അകിരയുടെ സൃഷ്ടികള്‍ക്ക് ആരാധകരെ കീഴ്‌പ്പെടുത്താനുള്ള വല്ലാത്തൊരു ആകര്‍ഷണമുണ്ടെന്നാണ് കാണികളുടെ പക്ഷം. ഡ്രാഗണ്‍ ബോള്‍ ഹിറ്റായതിന് പിന്നാലെ നിരവധി ആനിമേഷന്‍ സീരിസുകളും സിനിമകളും പുറത്തിറങ്ങി. ഇത് അകിരയെ കൂടുതല്‍ ജനപ്രീതിയിലേക്ക് നയിച്ചു.

മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം മരിച്ചത്. സംസ്‌കാര ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളൂവെന്ന് ഡ്രാഗണ്‍ ബോള്‍ പ്രസ്താവനയില്‍ അറിയിച്ചു.

1955 ല്‍ ജപ്പാനിലെ നാഗോയില്‍ ജനിച്ച അദ്ദേഹം 1980 ന്റെ തുടക്കത്തിലാണ് കോമിക് രചകളിലേക്ക് കടക്കുന്നത്. ഭൂമിയ അപകടത്തിലാക്കാന്‍ എത്തുന്ന അന്യഗ്രഹ ജീവികളില്‍ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാന്‍ ഡ്രാഗണ്‍ ബോളുകള്‍ ശേഖരിക്കുന്ന അമാനുഷിക ശക്തികളുള്ള സണ്‍ ഗോകു എന്ന കുട്ടിയുടെ കഥയാണ് ഡ്രാഗണ്‍ ബോളില്‍ പറയുന്നത്.

Vijayasree Vijayasree :